കൊല്ലം: അഞ്ചല്‍ അര്‍പ്പിത ആശ്രയകേന്ദ്രത്തില്‍ അന്തേവാസികള്‍ക്ക് ക്രൂരപീഡനം. കൊല്ലം പനയം ഇഞ്ചവിള സുധീഷ് ഭവനത്തില്‍ ജാനമ്മ(80)യെ ഗുരുതര പരുക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 17ന് ബന്ധുക്കളാണ് ജാനമ്മയെ അഞ്ചലിലെ അര്‍പ്പിത ആശ്രയകേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആശ്രയകേന്ദ്രത്തില്‍ നിന്നും ബന്ധുക്കളെ വിളിപ്പിച്ച് ജാനമ്മയെ അവരോടൊപ്പം വീട്ടിലേക്ക് തിരിച്ചയക്കുകയുണ്ടായി. വീട്ടിലെത്തിയ ജാനമ്മ അവശനിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും എസ്ഐയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജാനമ്മയുടെ ശരീരം ചൂരല്‍ കൊണ്ട് അടിച്ച പാടുകള്‍ കാണാം.
മര്‍ദ്ദനമേറ്റ ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചു കിടക്കുകയാണ്. ആശ്രയകേന്ദ്രങ്ങളില്‍ ക്രൂരപീഡനം നടക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. ജാനമ്മയെ നോക്കാന്‍ ആരുമില്ലാത്തതുകൊണ്ടാണ് അവരെ അഞ്ചല്‍ ആശ്രയകേന്ദ്രത്തില്‍ ബന്ധുക്കള്‍ എത്തിച്ചത്. സമൂഹത്തില്‍ വൃദ്ധജനങ്ങള്ക്കുനേരെയുള്ള അതിക്രമങ്ങള്‍ പെരുകിവരുകയാണ്. അവര്‍ക്ക് വേണ്ട ശരിയായ പരിചരണവും ഭക്ഷണവും മരുന്നുകളും നല്‍കാതെ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പെരുകിവരുകയാണ്. ഈ സ്ഥാപനങ്ങള്‍ വൃദ്ധരുടെ സംരക്ഷണത്തിന്റെ പേരില്‍ വന്‍ തട്ടിപ്പുകളാണ് നടത്തുന്നത്.
സ്കൂളുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഇത്തരം ആശ്രയകേന്ദ്രങ്ങള്‍ വന്പണപിരിവുകള് നടത്തിയും സാമ്പത്തികലാഭം കൊയ്യുകയാണ്. സര്‍ക്കാര്‍ ആനുകൂല്യം നേടിയെടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: