അങ്കമാലി: സൗകര്യപ്രദവും വിശാലമായ റോഡുകളുടെ അഭാവവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് കേരളത്തിലെ റോഡപകടങ്ങള്‍ക്ക് പ്രധാനകാരണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ്സിങ് പറഞ്ഞു. അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയുടെയും അങ്കമാലി മര്‍ച്ചന്റ്സ് അസോസിയേഷന്റേയും അങ്കമാലി പോലീസിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളും അപകട മരണങ്ങളും നടക്കുന്ന കേരളം ലോകത്ത് തന്നെ ഈ കാര്യത്തില്‍ ഏറ്റവും മുന്പില് നില്ക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ്. ഇത് മാറ്റിയെടുക്കണമെങ്കില്‍ ട്രാഫിക് ബോധവത്ക്കരണം നടത്തേണ്ടതുണ്ട്. നിയമങ്ങള്‍ അനുസരിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നതുകൊണ്ടും റോഡുകളുടെ വീതി ഇല്ലായ്മയുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നത്. പരിശോധന ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 2 വരെയുള്ള കാലയളവില്‍ അപകടനിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഈ കാലയളവില്‍ ഇരുന്നൂറോളം മരണങ്ങള് കുറവാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇരുന്നൂറോളം പേരുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ഈ കാര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഋഷിരാജ്സിങ് പറഞ്ഞു.
അങ്കമാലി എല്‍.എഫ്. ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ റോഡ് സുരക്ഷ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സുതീര്ഹമായ സേവനം ചെയ്തതിന് അങ്കമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ബാബു, എസിടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.ജി. സുജിത്ത് എന്നിവര്‍ക്ക് ഋഷിരാജ്സിങ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഫാ. ഡോ. പോള്‍ വി. മാടന് അദ്ധ്യക്ഷതവഹിച്ചു. അങ്കമാലി നഗരസഭ ചെയര്മാന് സി.കെ. വര്‍ഗീസ്, റൂറള്‍ എസ്.പി. എസ്. സതീഷ് ബിനോ, എറണാകുളം ആര്‍ടിഒ വി.ജെ. ആന്റണി, എല്‍.എഫ്. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊന്തേമ്പിള്ളി, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പോള്‍ വര്‍ഗീസ്, പോലീസ് ഓഫീസേഴ്സ് ജില്ല സെക്രട്ടറി പോള്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാറിന് അങ്കമാലി ജോയിന്റ് ആര്‍ടിഒ റെജി പി. വര്‍ഗീസ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: