ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ തുറവൂര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂര്‍ മഹാക്ഷേത്രം. കിഴക്കു ദര്‍ശനമായി ദേശീയപാത-47 നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള തുല്യ പ്രാധാന്യത്തോടുകൂടിയുള്ള രണ്ട് പ്രതിഷ്ഠകള്‍ ഉണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നരസിംഹമൂര്‍ത്തി പ്രതിഷ്ഠയും, സുദര്‍ശനമൂര്‍ത്തി പ്രതിഷ്ഠയുമാണവ. രണ്ടു പ്രതിഷ്ഠകള്‍ക്കും രണ്ട് വെവ്വേറെ ശ്രീകോവിലുകളുമുണ്ട്. തെക്കുവശത്തെ ശ്രീകോവിലില്‍ സുദര്‍ശനമൂര്‍ത്തിയേയും വടക്കേ ശ്രീകോവിലില്‍ നരസിംഹമൂര്‍ത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
വാരണാസിയിലെ നരസിംഹഘട്ടില്‍ നിന്ന് പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂര്‍ത്തി ഇവിടെ ദുര്‍ഗയായി സങ്കല്പിക്കപ്പെടുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാര്‍ പെരുമാള്‍ ക്ഷേത്രം നിര്‍മിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴില്‍, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശമായിരുന്നു.
പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂര്‍ മഹാക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടുള്ളത്. ഒരുവര്‍ഷം കഠിനവ്രതത്തോടെ നരസിംഹമൂര്‍ത്തിയെയും മഹാസുദര്‍ര്‍ശന മൂര്‍ത്തിയെയും പൂജിച്ചാരാധിക്കുന്ന മുഖ്യപുരോഹിതനായ മേല്‍ശാന്തി ഇക്കാലയളവില്‍ തീവ്രനൈഷ്ഠിക ബ്രഹ്മചര്യത്തോടെ പുറപ്പെടാശാന്തിയനുഷ്ഠിക്കുന്ന സമ്പ്രദായമാണ് ഇവിടെ നിലവിലുള്ളത്. ഒരു മേടവിഷു മുതല്‍ അടുത്ത മേടവിഷു വരെയാണ് കാലാവധി.
നിത്യേന അഞ്ചു പൂജകളാണ് ഇവിടെയുള്ളത്. കൂടാതെ മൂന്ന് ശീവേലികളും. പുലര്‍ച്ചെ മൂന്നുമണിയ്‌ക്ക് നിയമവെടിയോടുകൂടി പള്ളിയുണര്‍ത്തല്‍. പിന്നീട് നാലുമണിയ്‌ക്ക് നട തുറക്കുന്നു. നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങും. പിന്നീട് എതിരേറ്റുപൂജയും ശീവേലിയും. ഇവിടെ രണ്ടുസമയത്താണ് പന്തീരടിപൂജ. ആദ്യം തെക്കേടത്താണ് (സുദര്‍ശനമൂര്‍ത്തിയുടെ നട) നടത്തുക. പിന്നീട് വടക്കേടത്തും (നരസിംഹമൂര്‍ത്തിയുടെ നട) നടത്തും. 11 മണിയോടെ ഉച്ചപ്പൂജ തുടങ്ങും. അതുകഴിഞ്ഞാല്‍ ഉച്ചശീവലി. 12 മണിയ്‌ക്ക് നടയടയ്‌ക്കും.
വൈകീട്ട് അഞ്ചുമണിയ്‌ക്ക് നട വീണ്ടും തുഠക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന നടത്തുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി എട്ട് മണിയോടെ നടയടയ്‌ക്കുന്നു. വെടി വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. അതില്‍ത്തന്നെ വലിയവെടിയും ചെറിയവെടിയുമുണ്ട്. വഴിപാട് നടത്തുന്നയാളുടെ പേരും നക്ഷത്രവും വെടികളുടെ എണ്ണവും വിളിച്ചുപറഞ്ഞാണ് വഴിപാട് നടത്തുന്നത്. കൂടാതെ പാനകം (ശര്‍ക്കരവെള്ളം), പാല്‍പായസം, സുദര്‍ശനഹോമം തുടങ്ങിയ വഴിപാടുകളുമുണ്ട്. ഇവിടത്തെ ദീപാവലി ഉത്സവം പ്രശസ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: