റായ്പൂര്‍: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത് വോട്ടുചെയ്താല്‍ കൈവിരലുകള്‍ മുറിച്ചു മാറ്റുമെന്ന മാവോയിസ്റ്റു ഭീഷണി മറികടക്കാന്‍ വിരലില്‍ മഷി പുരട്ടാതെ വോട്ടിംഗ് അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രമം തുടങ്ങി. രാജ്യത്താദ്യമായാണ് ഇത്തരത്തിലൊരു നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മാവോയിസ്റ്റു സ്വാധീന മേഖലകളിലെ വോട്ടിംഗ് ശതമാനം ഉയരാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ.
ബസ്തര്‍ വനമേഖലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 11ലെ വോട്ടിംഗിലാണ് പുതിയ രീതി നടപ്പാക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലെ തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിലാണ് വിരലടയാളം ഒഴിവാക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വോട്ടുചെയ്തെന്ന അടയാളവുമായി തിരികെ വീടുകളിലെത്തിയാല്‍ അപകടമാകുമെന്ന ഗ്രാമവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് ചില പോളിംഗ് കേന്ദ്രങ്ങളില്‍ പുതിയ നയം സ്വീകരിക്കുന്നത്.
സുക്മ,ദന്തേവാഡ,ബീജാപ്പൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഇത്തരത്തില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഛത്തീസ്ഗട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ കുജുര്‍ ജന്മഭൂമിയോട് പ്രതികരിച്ചു. ജനങ്ങളുടെ ഭാഗത്തുനിന്നുമാണ് ഇത്തരത്തിലൊരു ആവശ്യം ഉയര്‍ന്നു വന്നത്. വിരലുകളിലെ മഷിയടയാളം തങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന് ഗ്രാമീണര്‍ക്ക് ഭയമുണ്ട്. അവരുടെ നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും അത് അന്തിമ അംഗീകാരത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സുക്മ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വോട്ടു ചെയ്താല്‍ കൊന്നുകളയുമെന്ന മാവോയിസ്റ്റു ഭീഷണി നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനായി അവര്‍ സംസ്ഥാന വ്യാപമായി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനെ നേരിടുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ്. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
മൂന്നു തലത്തിലുള്ള സുരക്ഷയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡപ്യൂട്ടി ഇലക്ഷന് ഓഫീസര്‍ അലക്സ്പോള്‍ മേനോന് പറഞ്ഞു. മാവോയിസ്റ്റ് സ്വാധീന മേഖലകളിലേക്കുള്ള റോഡുഗതാഗതം തടസ്സപ്പെടുത്തുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള റോഡ് ഓപ്പണിംഗ് പാര്‍ട്ടികളും വോട്ടിംഗ് കേന്ദ്രങ്ങളുള്ള മേഖലകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പുറമേ ഇത്തവണ പോളിംഗ് ബൂത്തുകള്‍ക്കും കമാണ്ടോ സുരക്ഷ ഏര്‍പ്പെടുത്തും.മുന്‍ വര്‍ഷങ്ങളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ആക്രമിച്ച് പോളിംഗ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും അലക്സ് പോള്‍ മേനോന് പറഞ്ഞു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: