റായ്പൂര്‍: മാവോയിസ്റ്റ് ഭീഷണിക്കിടയിലും ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നവംബര്‍ 11ന് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട പോളിംഗ് കുറ്റമറ്റതാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെയാണ് ആദ്യഘട്ട വോട്ടിംഗ് നടക്കുന്ന ദന്തേവാഡ,ബസ്തര്‍ മേഖലകളിലേകക്ക് വിന്യസിച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ 25000ത്തോളം വരുന്ന സായുധ സംഘം ബസ്തര്‍ വനമേഖലകളിലെത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ആഹ്വാനവുമായി മുന്നോട്ടു പോകുന്ന മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അത്യന്തം സങ്കീര്‍ണ്ണമായി മാറിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയതായി സര്‍ക്കാരും ഇലക്ഷന് കമ്മീഷനും വ്യക്തമാക്കുന്നു.
തെക്കന്‍ ഛത്തീസ്ഗട്ടിലെ ബസ്തര്‍,ദന്തേവാഡ,സുക്മ,ബീജാപൂര്‍,കൊണ്ടഗാവ്,നാരായണ്‍പൂര്‍,കങ്കര്‍ എന്നീ ജില്ലകളിലും മധ്യഛത്തീസ്ഗട്ടിലെ രാജ്നന്ദ്ഗാവ് ജില്ലയിലുമായുള്ള 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണി അതിശക്തമായ ഈ ജില്ലകളില്‍ ഇതുവരെ 300 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെ നിയോഗിച്ചുകഴിഞ്ഞു. 18 മണ്ഡലങ്ങളില്‍ 12ഉം പട്ടികവര്‍ക്ഷ മണ്ഡലങ്ങളാണ്. അഞ്ചെണ്ണം ജനറല്‍ സീറ്റുകളും ഒന്ന് പട്ടികജാതി മണ്ഡലവുമാണ്. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ.രമണ്‍സിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവ്,ഡൊങ്കാര്ഗാവ്,ഖൈരാഗഞ്ച്,ഘുജി,ജഗ്ദല്‍പൂര്‍ എന്നിവയാണ് ജനറല്‍ സീറ്റുകള്‍. ബസ്തര്‍ മേഖലയിലെ 12 മണ്ഡലങ്ങളില്‍ 11ഉം പട്ടിക വര്‍ക്ഷ സീറ്റുകളാണ്. 2008ലെ തെരഞ്ഞെടുപ്പില്‍ ബസ്തര്‍ മേഖലയില്‍ 11 സീറ്റുകളും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറിയിരുന്നു. ഇത്തവണവും സമ്പൂര്‍ണ്ണമായ വിജയമാണ് ഈ മേഖലയില്‍ നിന്നും ബിജെപി പ്രതീക്ഷിക്കുന്നത്.
സുക്മ ജില്ലയിലെ ദര്ബവാലിയില് 2013 മെയ് 25ന് നടന്ന മാവോയിസ്റ്റ് കൂട്ടക്കൊലയില്‍ സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗം അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി മത്സരിക്കുന്ന ദേവ്നന്ദ്ഗാവ് മണ്ഡലത്തില്‍ ദര്ബവാലി മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ എംഎല്‍എ ഉദയ് മുതലിയാരുടെ ഭാര്യ അല്‍ക്ക മുതലിയാരെ മത്സര രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ല,സംസ്ഥാന മന്ത്രി മഹേന്ദ്ര കര്‍മ്മ,ഛത്തീസ്ഗട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നന്ദ്കുമാര്‍ പാട്ടീല്‍ എന്നിവരുള്‍പ്പെടെ 27 പേര് കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസിനെ തളര്‍ത്തുന്നത്. കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് പി.സി.സി സെക്രട്ടറി ശിവ്നാരായണ്‍ ദ്വിവേദിയടക്കം നിരവധി പേര് പാര്‍ട്ടി വിട്ടിട്ടുണ്ട്. നിലവിലെ പിസിസി പ്രസിഡന്റ് ചരണ്‍ദാസ് മഹന്തിനുള്പ്പെടെ കൂട്ടക്കൊലയേപ്പറ്റി അറിയാമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍വോയ് അടിസ്ഥാനത്തില്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് അജിത്ജോഗി അടക്കമുള്ളവര്‍ സംഭവം നടക്കുന്നതിനു തൊട്ടുമുമ്പ് അപ്രത്യക്ഷമായതും സംഭവത്തിനു പിന്നിലുള്ള യഥാര്‍ത്ഥ ഗൂഡാലോചന വ്യക്തമാക്കുന്നുണ്ട്. നേതാക്കളുടെ കൂട്ടമരണത്തിനു പിന്നാലെ സ്ഥാനമാനങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ അടി തുടങ്ങിയതും പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
മറുവശത്ത് പത്തു വര്‍ഷമായി തുടരുന്ന വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്കിയ മികച്ച പ്രതിച്ഛായയിലാണ് ഡോ.രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഹാട്രിക് വിജയം തേടി ബിജെപി മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. ജനസംഖ്യയില്‍ 90 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്കു മുഴുവന്‍ ഭക്ഷണമെത്തിച്ചതിന്റെ നേട്ടമാണ് ബിജെപിക്കു പറയാനുള്ളത്. പൊതു വിതരണ സമ്പ്രദായം കാര്യക്ഷമമാക്കിയതിലൂടെ മാവോയിസ്റ്റു സ്വാധീന പ്രദേശങ്ങളില്‍ വരെ ജനങ്ങള്‍ക്ക് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എത്തിക്കാനായി. രാജ്യത്താദ്യമായി ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനെ മാവോയിസ്റ്റുകള്‍ക്ക് പോലും എതിര്‍ക്കാനാവാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന മാവോയിസ്റ്റു സ്വാധീന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: