മോസ്കോ: എഡ്വേര്‍ഡ് സ്നോഡന് റഷ്യയിലെ മോസ്കോ നദിയില്‍ ബോട്ട് യാത്ര നടത്തുന്ന ചിത്രങ്ങള്‍ രാജ്യത്തെ ഒരു ന്യൂസ് സൈറ്റ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. അമേരിക്ക വെള്ളം കുടിക്കുമ്പോള്‍ സ്നോഡന് ഉല്ലാസ ബോട്ട് യാത്രയിലാണ്.
റഷ്യയിലെ പ്രശസ്തമായ ഇന്റര്‍നെറ്റ് കമ്പനിയില്‍ സ്നോഡന് ജോലി ചെയ്യുന്നതായി വെബ്സൈറ്റായ ലൈഫ് ന്യൂസ് പറയുന്നു. ചന്ദന നിറത്തിലുള്ള തൊപ്പിയും ധരിച്ച് ഒരു പെണ്‍കുട്ടിയുടെ കൂടെ മോസ്കോയിലെ നദിയുടെ സമീപം ഇരിക്കുന്ന ചിത്രങ്ങളാണ് സൈറ്റ് പുറത്തു വിട്ടത്. മോസ്കോയിലെ സെന്റ്സേവ്യസ് പള്ളിയുടെ സമീപത്ത് നില്ക്കുന്ന ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സ്നോഡന് റഷ്യന്‍ ചരിത്രങ്ങളെ ഇഷ്ടപ്പെടുന്നെന്നും റഷ്യന്‍ ഭാഷ പഠിക്കുന്ന തിരക്കിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് മുമ്പ് വ്യക്തമാക്കിയിരുന്നു. നിലവില്‍ റഷ്യയില്‍ എവിടെ വേണമെങ്കിലും സ്നോഡന് സഞ്ചാര സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. റഷ്യയിലെ പ്രശസ്തമായ ക്രിംലിന്‍ മ്യൂസിയത്തിലും ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളും ലൈഫ് ന്യൂസ് മുമ്പ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ റഷ്യയില്‍ എവിടെയാണ് സ്നോഡന് തങ്ങുന്നതെന്നോ ഏത് സ്ഥലത്താണ് ജോലി ചെയ്യുന്നതെന്നോ സൈറ്റ് പുറത്ത് വിടുന്നില്ല.
വിവിധ രാജ്യങ്ങളുടെ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം മുന്‍ എന്‍എസ്എ കരാര്‍ ജീവനക്കാരനായ സ്നോഡന് പുറത്ത് വിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ചൈനയിലെ ഹോങ്കോങ്ങിലെ വിമാനത്താവളത്തിലും പിന്നീട് മോസ്കോയിലെ ഷിറീമിറ്റീവോ വിമാനത്താവളത്തിലും ദിവസങ്ങളോളം തങ്ങേണ്ടി വന്നു. ഒടുവില്‍ അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെ റഷ്യ സ്നോഡന് അഭയം നല്‍കുകയായിരുന്നു. രാജ്യങ്ങളുടെ വിവരം ചോര്‍ത്തല്‍ കേസില്‍ ഒന്നിനു പുറകെ ഒന്നായി പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇനിയും പല രാജ്യങ്ങളും അമേരിക്കയ്ക്കെതിരെ തിരിയാന്‍ സാധ്യതയുമുണ്ട്. ഇതിനെല്ലാം കാരണക്കാരനായതോ എഡ്വേര്‍ഡ് സ്നോഡനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: