വാഷിങ്ങ്ടണ്‍: യുഎസ് ഇന്റലിജന്‍സ് വിഭാഗം യുഎന്നിന്റെ വിവരം ചോര്ത്തിയിട്ടില്ലായെന്ന് അമേരിക്ക ഉറപ്പ് നല്‍കിയതായി യുഎന്‍. ലോകസമിതികളുടെ വിവരങ്ങളും അമേരിക്ക നിരീക്ഷിക്കുകയാണെന്ന്് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജര്‍മ്മന്‍ മാസികയായ ഡര് സ്പീഗല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ യുഎന്‍ മുതിര്‍ന്ന വക്താവ് മാര്ട്ടിന് നിസീര്ക്കി ഇതിനെ പറ്റിയൊന്നും വ്യക്തമാക്കിയില്ല.
യുഎന്നിന്റെ വിവരങ്ങള്‍ ചോര്‍ത്തുകയോ ഭാവിയില്‍ അപ്രകാരം ചെയ്യുകയോ ഇല്ലെന്ന്് രണ്ട് മാസം മുമ്പ് വാഷിങ്ങ്ടണ്‍ യുഎന്നിനു നല്കിയ റിപ്പോര്‍ട്ടില്‍ ഉറപ്പ് നല്കിയിട്ടുള്ളതായി നിസീര്ക്കി പറഞ്ഞു. തനിക്ക് യുഎസ് വിഭാഗങ്ങളെ വിശ്വാസമുണ്ടെന്നും യുഎന്നിന്റെ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസ്സിനെ കുറ്റപ്പെടുത്താതിരിക്കാന്‍ പ്രസ്താവനയുടെ ആദ്യം മുതല്‍ അവസാനം വരെ നിസീര്ക്കി ശ്രദ്ധിച്ചു. യുഎസ്സിന്റെ ചോര്‍ത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം മനപ്പൂര്‍വ്വം ഒഴിഞ്ഞുമാറി.
യുഎസ് ഒരു വിധത്തിലുള്ള ഇലക്ട്രോണിക് നിരീക്ഷണ ഉപകരണങ്ങളും ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വിന്യസിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎസ് വിവിധ രാജ്യങ്ങളിലെ നേതാക്കന്മാര് ഉള്‍പ്പെടെയുള്ള പൗരന്മാരുടെ വിവരം ചേര്ത്തുന്നതായി മുന്‍ എന്‍എസ്എ കരാര്‍ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് വെളിപ്പെടുത്തിയിരുന്നു.വാഷിങ്ങ്ടണില്‍ പ്രവര്‍ത്തിക്കുന്ന യുറോപ്യന്‍ യൂണിയന്റെ ഓഫീസിലെ കംപ്യൂട്ടറില്‍ വൈറസുകളെ കടത്തിവിടുകയും നെറ്റ്വര്‍ക്ക് വഴി ഇവ അതാത് രാജ്യങ്ങളുടെ കംപ്യൂട്ടറില്‍ എത്തുകയും ചെയ്യുന്നു. ഈ വൈറസുകളെ ഉപയോഗപ്പെടുത്തിയാണ് രാജ്യങ്ങളുടെ ഔദ്യോഗിക വിവരങ്ങള്‍ എന്‍എസ്എ ചോര്‍ത്തിയതെന്നാണ് ജര്‍മ്മന്‍ മാസികയായ ഡര് സ്പീഗല്‍ വെളിപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: