കാസര്‍കോട്: മണ്ണ്, മണല്‍ മാഫിയകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുമ്പോഴും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് മടി. ഒരാഴ്ച മുമ്പ് മണ്ണ്, മണല്‍ വേട്ട വ്യാപകമായി നടത്തിയ റവന്യു -പോലീസ് സംഘം ഇപ്പോള്‍ വിശ്രമത്തിലാണ്. മണല്‍ മാഫിയയുടെ ഭീഷണി വകവയ്ക്കാതെ പൊതുജനങ്ങള്‍ നല്കുന്ന വിവരങ്ങള്‍ പോലും അവഗണിക്കപ്പെടുകയാണ്. കടല്‍ മണല്‍ വിതരണം രണ്ട് മാസത്തിലേറെയായി നിലച്ചതിനാല്‍ കടുത്ത മണല്‍ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നിര്‍മ്മാണ മേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത മണല്‍ക്കടത്തിനെതിരെ നടപടി കര്ശനമാക്കേണ്ടെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. മണല്‍ക്കടത്ത് തടയുന്നതിനായി കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ക്ക് കീഴില്‍ രൂപീകരിച്ച സ്ക്വാഡ് കഴിഞ്ഞ മാസം ആറിനാണ് അവസാനമായി റെയ്ഡ് നടത്തിയത്. ഷിറിയ ഭാഗത്ത് നടത്തിയ പരിശോധനയില്‍ നാല് ലോഡ് മണലും പിടികൂടിയിരുന്നു. ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സ്ക്വാഡും മണല്‍മാഫിയക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി പേരിനുപോലും നടപടി സ്വീകരിച്ചിട്ടില്ല. ഒരാഴ്ചമുമ്പ് പോലീസിണ്റ്റെ ഭാഗത്തുനിന്നും അനധികൃത കടവുകള്‍ പൊളിച്ചുനീക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിരുന്നു. ചെങ്കളയിലും ആദൂരിലും പത്തിലധികം കടവുകളാണ് ഇത്തരത്തില്‍ തകര്‍ത്തത്. എന്നാല്‍ ഏതാനും ദിവസങ്ങളായി പോലീസും നടപടികള്‍ മയപ്പെടുത്തിയിരിക്കുകയാണ്. ചെമ്മനാട്, കുമ്പള, ചെങ്കള, ഉദുമ ഭാഗങ്ങളിലാണ് വ്യാപകമായി മണല്‍ക്കടത്ത് നടക്കുന്നത്. ബേക്കല്‍ പോലീസ് കര്‍ശന നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിരുന്നു. മണല്‍മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടില്‍ പ്രചരണവും നടക്കുന്നുണ്ട്. ഉദുമ ഭാഗത്ത് രാഷ്ട്രീയ സംഘര്‍ഷം വ്യാപിച്ചത് മണല്‍ മാഫിയക്ക് സഹായകമായി. പത്ത് ദിവസം മുമ്പ് ഹൊസ്ദുര്‍ഗ്ഗ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ മണ്ണ് കടത്ത് വ്യാപകമായി പിടികൂടിയത് വാര്‍ത്തയായിരുന്നു. ഉദുമ ഭാഗത്ത് നിന്നും കടത്തുകയായിരുന്നു വാഹനങ്ങളാണ് പിടികൂടിയത്. എന്നാല്‍ ഉദുമ, പെരിയാട്ടടുക്കം, മുല്ലച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോഴും മണ്ണ് കടത്ത് നിര്‍ബാധം തുടരുന്നുണ്ട്. കുണിയ റോഡരികില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും കാണാം. ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച കലക്ട്രേറ്റില്‍ മണല്‍ക്കടത്ത് തടയുന്നതിന് രൂപീകരിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ യോഗം ചേര്‍ന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ അടുത്തിടെ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന മനോഭാവം തീരുമാനം പ്രഹസനമായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: