ന്യൂദല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢ്ഡിലും ബിജെപി സീറ്റുകള്‍ തൂത്തുവാരുമെന്ന് തെരഞ്ഞെടുപ്പ് അഭിപ്രായസര്‍വെ. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 230 അംഗ നിയമസഭയില്‍ 148 മുതല്‍ 160 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. 2008 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 143 സീറ്റുകളായിരുന്നു പാര്‍ട്ടി ഇവിടെ നേടിയത്.
ഛത്തീസ്ഗഢില്‍ 90 അംഗ നിയസഭയില്‍ 61 മുതല്‍ 71 വരെ സീറ്റുകള്‍ ബിജെപി പിടിച്ചെടുക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പതിനാറു മുതല്‍ 24 വരെ സീറ്റുകളിലേക്ക് ചുരുങ്ങും. സിഎന്‍എന്‍ – ഐബിഎന്നിനും ദ വീക്കിനും വേണ്ടി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസാണ് (സിഎസ്ഡിഎസ്) സര്‍വെ നടത്തിയത്. ഛത്തീസ്ഗഢില്‍ 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 38 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇക്കുറി കനത്ത പരാജയമായിരിക്കുമെന്നാണ് സര്‍വെ മുന്നറിയിപ്പ് നല്കുന്നു.
ബിഎസ്പി രണ്ട് സീറ്റും മറ്റ് ചെറിയ പാര്‍ട്ടികള്‍ അഞ്ച് സീറ്റ് വരെയും നേടിയേക്കും. മുമ്പ് നടന്ന സര്‍വെകളില്‍ രമണ്‍സിംഗ് രണ്ടാംതവണയും അധികാരത്തിലെത്തുന്നതിനെ 51 ശതമാനം പേര് പിന്തുണച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്തുണ 47 ശതമാനമായി കുറഞ്ഞു.
അടുത്തമാസം 11നും 19നും രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കിയ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 72 ശതമാനം ജനങ്ങളും ശിവരാജ് ചൗഹാന്റെ ഭരണത്തില്‍ സംതൃപ്തരാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ടുകള്‍ക്ക് 6.4 ശതമാനം വര്ദ്ധനവുണ്ടകുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നു. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് സര്‍വെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: