നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആറാം മത്സരം ഇന്ന് നാഗ്പൂരില്‍ നടക്കും. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര നിലനിര്‍ത്താം. പക്ഷേ, ഇന്ത്യക്ക് ഇന്നത്തെയും അവസാനത്തെയും മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ പരമ്പര സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഈ രണ്ട് മത്സരങ്ങളും ഇരുടീമുകള്‍ക്കും നിര്‍ണായകമായത്.
ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. റാഞ്ചിയില്‍ നടന്ന നാലാം മത്സരവും കട്ടക്കില്‍ നടന്ന അഞ്ചാം ഏകദിനവും മഴയത്ത് ഒലിച്ചുപോയിരുന്നു. റാഞ്ചി മത്സരത്തില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേയാണ് മഴ കളി തടസ്സപ്പെടുത്തിയത്. എന്നാല്‍ കട്ടക്കിലെ അഞ്ചാംപോരാട്ടത്തില്‍ ടോസ് പോലും നടന്നില്ല.
ഇന്നത്തെ പോരാട്ടത്തില്‍ കഴിഞ്ഞ റാഞ്ചിലെ മത്സരത്തിലെ ഇലവനെതന്നെയായിരക്കും ഇന്ത്യ കളത്തിലിറക്കുക. കഴിഞ്ഞ മത്സരത്തില്‍ ഇഷാന്ത് ശര്‍മ്മക്കും ഭുവനേശ്വര്‍ കുമാറിനും പകരം മുഹമ്മദ് ഷാമിയും ജയദേവ് ഉനദ്കതുമാണ് കളിച്ചത്. ഈ തീരുമാനത്തെ ന്യായീകരിക്കുന്ന ഉജ്ജ്വല ബൗളിംഗാണ് മുഹമ്മദ് ഷാമി നടത്തിയത്. തുടക്കത്തിലെ രണ്ട് ഓപ്പണര്‍മാരെയും ഷെയ്ന്‍ വാട്സനെയും പുറത്താക്കി ഗംഭീര തുടക്കമായിരുന്നു ഷാമി ഇന്ത്യക്ക് നല്‍കിയത്. അതുപോലെ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ജയദേവ് ഉനദ്കതും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയിരുന്നു. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും പരാജയപ്പെട്ട ടീം ഇന്ത്യ രണ്ടാം ഏകദിനത്തില്‍ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേയാണ് മഴ കളി തടസ്സപ്പെടുത്തിയത്.
ഇന്ത്യന്‍ ബാറ്റിംഗ് നിര കടലാസില്‍ കരുത്തരാണെങ്കിലും ബാറ്റുമായി ക്രീസിലേക്ക് വന്നാല്‍ പലപ്പോഴും പേരിനൊത്ത പ്രകടനം നടത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. വിരാട് കോഹ്ലി രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ക്യപ്റ്റന്‍ ധോണിയും ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഓരോ മത്സരത്തിലാണ് ഉജ്ജ്വല ഫോമിലേക്കുയര്‍ന്നിട്ടുള്ളത്. റെയ്നക്കാവട്ടെ ഇതുവരെ അവസരത്തിനൊത്ത് ഉയരാനും കഴിഞ്ഞിട്ടില്ല. യുവരാജിന്റെ കാര്യവും അതുതന്നെയാണ്. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച യുവിയുടെ ഏകദിനത്തിലെ സംഭാവന 7, 0 എന്നിങ്ങനെയാണ്. ഓള്‍ റൗണ്ടര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയും ഇതുവരെ അവസരത്തിനൊത്തുയര്‍ന്നിട്ടില്ല.
ആദ്യ മൂന്ന് മത്സരങ്ങളെ അപേക്ഷിച്ച് നാലാം ഏകദിനത്തില്‍ ബൗളിംഗ് അല്‍പം മെച്ചപ്പെട്ടിരുന്നു. മുഹമ്മദ് ഷാമിയും ജയദേവ് ഉനദ്കതും മികച്ച പ്രകടനമാണ് നടത്തിയത്. ഈ മത്സരത്തില്‍ ഓസ്ട്രേലിയയുടെ ആദ്യ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാമിക്ക് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയുടെ വിക്കറ്റ് ലഭിക്കാതെ പോയത് നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബെയ്‌ലി നല്‍കിയ ക്യാച്ച് വിരാട് കോഹ്ലി വിട്ടുകളയുകയായിരുന്നു. എട്ടോവറില്‍ 42 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റുകളാണ് റാഞ്ചി ഏകദിനത്തില്‍ ഷാമിയുടെ സമ്പാദ്യം.
എന്നാല്‍ ഓസ്ട്രേലിയന്‍ നിര മികച്ച ഫോമിലാണ്. റാഞ്ചി ഏകദിനത്തില്‍ ഷാമിക്ക് മുന്നില്‍ ഓപ്പണര്‍മാരായ ഹ്യൂഗ്സും ഫിഞ്ചും പരാജയപ്പെട്ടെങ്കിലും മറ്റ് മൂന്ന് മത്സരങ്ങളിലും മികച്ച തുടക്കമാണ് ഇരുവരും ടീമിന് നല്‍കിയത്. ക്യാപ്റ്റന്‍ ബെയ്‌ലിയുടെ തകര്‍പ്പന്‍ ഫോമും ഓസീസിന് ആത്മവിശ്വാസമേകുന്നു. പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ബെയ്‌ലിയാണ്. കൂടാതെ വാട്സണ്‍, മാക്സ്‌വെല്‍, വോഗ്സ്, ഹാഡിന്‍ തുടങ്ങിയവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ഇന്ത്യയെ അപേക്ഷിച്ച് ഓസീസ് ബൗളര്‍മാരാണ് ഭേദം. രണ്ടാം മത്സരത്തിലൊഴികെ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്താന്‍ മിച്ചല്‍ ജോണ്‍സണും മക്കായും ഫള്‍ക്നറും ഉള്‍പ്പെട്ട ബൗളിംഗ് നിരക്ക് കഴിഞ്ഞിരുന്നു. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ വിജയിച്ചാല്‍ കംഗാരുക്കള്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ അതിനുവേണ്ടിതന്നെയായും ജോര്‍ജ് ബെയ്‌ലിയുടെ നേതൃത്വത്തിലുള്ള ഓസീസ് ഇറങ്ങുക. അതേസമയം ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ വിജയത്തില്‍ കുറഞ്ഞൊന്നുകൊണ്ടും സാധ്യമല്ലെന്നിരിക്കെ ടീം ഇന്ത്യയും കച്ചമുറുക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം ഏറെ ആവേശകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: