റോത്തക്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരുത്തില്‍ ഹരിയാനക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈ വിജയത്തിലേക്ക് നീങ്ങുന്നു. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 240 റണ്‍സ് വേണ്ടിയിരുന്ന മുംബൈ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിട്ടുണ്ട്. അവസാന രഞ്ജി ട്രോഫി മത്സരം കളിക്കുന്ന സച്ചിനും (55) ആറ് റണ്‍സുമായി ധവാല്‍ കുല്‍ക്കര്‍ണിയുമാണ് ക്രീസില്‍. നാല് വിക്കറ്റും ഒരു ദിവസവും ബാക്കിയിരിക്കെ മുംബൈക്ക് ജയിക്കാന്‍ 39 റണ്‍സ് കൂടി മതി. ഇന്ന് സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിച്ചശേഷം രഞ്ജിയോട് വിടപറയാനായിരിക്കും സച്ചിന്റെ ശ്രമം. ആദ്യ ഇന്നിംഗ്സില്‍ ഹരിയാന 134ഉം മുംബൈ 136 റണ്‍സുമാണ് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ഹരിയാന 241 റണ്‍സിന് പുറത്തായി.
224ന് ഒമ്പത് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഹരിയാന 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ഔട്ടായി. 33 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലിനെ ധവാല്‍ കുല്‍ക്കര്‍ണി സ്വന്തം പന്തില്‍ പിടികൂടി. മുംബൈക്ക് വേണ്ടി സഹീര്‍ഖാനും വിശാല്‍ ധബോലക്കറും നാല് വിക്കറ്റുകള്‍ വീതവും ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
240 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മുംബൈക്ക് സ്കോര്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ വസീം ജാഫറിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് കൗസ്തുഭ് പവാറും (47) അജിന്‍ക്യ രഹാനെയും (40) ചേര്‍ന്ന് സ്കോര്‍ 87-ല്‍ എത്തിച്ചു. 40 റണ്‍സെടുത്ത രഹാനെ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. ആദ്യഇന്നിംഗ്സില്‍ അഞ്ച് റണ്‍സിന് പുറത്തായ സച്ചിന്‍ വളരെ ശ്രദ്ധിച്ചാണ് കളിച്ചത്. ഇതിനിടെ സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ 47 റണ്‍സെടുത്ത പവാറും മടങ്ങി. പിന്നീട് സച്ചിനും അഭിഷേക് നായരും ചേര്‍ന്ന് സ്കോര്‍ 160-ല്‍ എത്തിച്ചെങ്കിലും 24 റണ്‍സെടുത്ത അഭിഷേകിനെ പുറത്തായതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് മൂന്ന് റണ്‍സെടുത്ത ആദിത്യ താരെയും എട്ട് റണ്‍സെടുത്ത ഷായും മടങ്ങിയതോടെ മുംബൈ 6ന് 190 എന്ന നിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: