ദുബായ്: സൗദി ഭര്‍ത്താവ് ഒരു ഏഷ്യന്‍ വംശജനെ തന്റെ ഭാര്യയെ നോക്കിയെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതിനോടകം തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു.
വീഡിയോയില്‍ ഏഷ്യക്കാരനായ തൊഴിലാളിയെ അറബി കൈകൊണ്ടും ബെല്‍റ്റുകൊണ്ടും തല്ലുന്ന ദൃശ്യങ്ങളാണുള്ളത്. വെളുത്ത വസ്ത്രം ധരിച്ച അറബി പരുഷമായ വാക്കുകളില്‍ വഴക്ക് പറയുകയും തന്റെ ഭാര്യയെ നോക്കിയതെന്തിനെന്നും സംസാരിക്കാന്‍ ശ്രമിച്ചതെന്തിനെന്നും ചോദ്യം ചെയ്യുന്നു.
ഓറഞ്ച് വസ്ത്രം ധരിച്ച തൊഴിലാളി പേടിച്ച് ഉത്തരം പറയുന്നു. പെട്ടെന്ന് കോപം വന്ന അറബി യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും തറയില്‍ വലിച്ചിഴക്കുകയും ബെല്‍റ്റുകൊണ്ട് ശക്തമായി അടിക്കുകയും ചെയ്യുന്നു. അടിയുടെ ആഘാതത്തില്‍ ഏഷ്യന്‍ വംശജന് വേദനകൊണ്ട് ദയനീയമായി കരയുന്ന ദൃശ്യങ്ങളാണ് യൂ-ട്യൂബ്, സോഷ്യല്‍ മീഡിയ തുടങ്ങിയവയില്‍ക്കൂടി പ്രചരിച്ചത്. തുടര്‍ന്ന് വേദനകൊണ്ട് നിലത്ത് കിടന്ന് കരയുന്ന ഏഷ്യന്‍ തൊഴിലാളിയെ അരിശം തീരാതെ വീണ്ടും ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നതായും കാണാം.
1.53 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ എടുക്കുന്നത് ആരെന്ന് വ്യക്തമാകുന്നില്ല. മര്‍ദ്ദിക്കുന്ന സൗദിക്കാരന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തുന്നുമില്ല. മുറിയില്‍ മേശയും കസേരയും പ്രവര്‍ത്തിക്കുന്ന ടിവിയും ദൃശ്യങ്ങളില്‍ കാണാം. ഞെട്ടിപ്പിക്കുന്ന ദൃശ്യം കണ്ട് സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഏഷ്യന്‍ വംശജനോടുള്ള ക്രൂരത സംരക്ഷണത്തിന്റെയും മാന്യതയുടേയും മേലുള്ള കടന്നുകയറ്റമാണെന്നും സൗദി മനുഷ്യാവകാശ കമ്മീഷന് വക്താവ് ഇബ്രാഹിം അല്‍ ഷാദി അഭിപ്രായപ്പെട്ടു. സംഭവം ഇസ്ലാം നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ അറേബ്യയെന്ന ഇംഗ്ലീഷ് ന്യൂസ് ഏജന്‍സിയാണ് ശനിയാഴ്ച്ച വീഡിയോ ദൃശ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: