പാറ്റ്ന: പാറ്റ്നയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചയാളെന്ന് പോലീസ് സംശയിക്കുന്ന ആളും ഇന്ന് പുലര്‍ച്ചെ മരിച്ചു. രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹിദ്ദിനാണെന്ന സൂചനയാണ് അറസ്റ്റിലായവരില്‍ നിന്നും പോലീസിന് ലഭിച്ചത്.
സ്ഫോടനത്തില്‍ പരിക്കേറ്റ 83 പേരില്‍ 38 പേരാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായ അന്‍സാരിയില്‍ നിന്നുമാണ് നിര്‍ണായക സൂചനകള്‍ പോലീസിന് ലഭിച്ചത്. ടെലിഫോണ്‍ നമ്പര്‍ എഴുതിയ ഒരു പേപ്പര്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. അന്‍സാരിയുടെ സ്വദേശമായ റാഞ്ചിയില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. കൊടുംഭീകരന് യാസിന് ഭട്കലിന്റെ വലംകൈ എന്നറിയപ്പെടുന്ന തെഹ്സിന് അക്തര്‍ ആണ് സ്ഫോടനം നടത്താന്‍ അന്‍സാരിക്ക് നിര്‍ദേശം നല്‍കിയത്.
മുസഫര്‍ നഗര്‍ കലാപത്തിനുള്ള പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനായ യാസിന് ഭട്കലിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇയാളെ വിട്ടുകിട്ടണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. ഭട്കലിന്റെ അറസ്റ്റും സ്ഫോടനം ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബോധ്ഗയ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിന് സമാനമായ സ്ഫോടനമാണ് പാറ്റ്നയിലും നടന്നതെന്ന് പോലീസ് പറയുന്നു.
പോലീസ് പിടിയിലുള്ള ഇംതിയാസ് അലി തെഹസീന്‍ തീവ്രവാദ റിക്രൂട്ട്മെന്റുകള്‍ നടത്തുന്ന ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ്. പാറ്റ്നയില്‍ നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു ആറു പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനങ്ങള്‍ നടന്നത്. ആക്രമണത്തെക്കുറിച്ച് ബീഹാര്‍ സര്‍ക്കാരിന് നേരത്തേ രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: