ന്യൂദല്‍ഹി: അധോലോകനായകനും മുംബൈ ബോംബ്സ്ഫോടനക്കേസില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളയാളുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ്റൂമില്‍ വന്ന് കളിക്കാര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. 1986 ലെ ഷാര്‍ജ ടൂര്‍ണമെന്റിനിടെ ൈഫനലില്‍ പാക് ടീമിനെ തോല്‍പ്പിക്കുകയാണെങ്കില്‍ സമ്മാനമായി കാര്‍ നല്‍കാമെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ദാവൂദ് വാഗ്ദാനം നല്‍കിയെന്ന് മുന്‍ ക്രിക്കറ്റ് താരം ദിലീപ് വെംഗ്സര്ക്കാരാണ് വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ കളിക്കാരുടെ ഡ്രസിംഗ്റൂമിലെത്തിയ ദാവൂദിനെ ഒപ്പമുണ്ടായിരുന്ന പ്രമുഖ സിനിമാതാരം മെഹ്മൂദ് ബിസിനസ്മാന് എന്നാണ് പരിചയപ്പെടുത്തിയതെന്നും വെംഗ്സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ക്യാപ്ടനായ കപില്‍ദേവ് മുറിവിട്ടുപോകാന്‍ ദാവൂദിനോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. ”അടുത്ത ദിവസത്തെ കളിയില്‍ പാക് ടീമിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാര്‍ക്കും ദാവൂദ് കാറുകള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു” എന്ന് ഗുഡ്ഗാവില്‍ നടന്ന പരിപാടിയിലാണ് വെംഗ്സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.
വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ് ഈ വെളിപ്പെടുത്തലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ”കളി ജയിക്കുകയാണെങ്കില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ ടയോട്ട കാര്‍ നല്‍കുമെന്നാണ് ദാവൂദ് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ അത് നിരസിക്കുകയായിരുന്നു,” വെംഗ്സര്‍ക്കാര്‍ പറയുന്നു. ”ശരിയാണ്, ഒരു മാന്യന് ഞങ്ങളുടെ മുറിയില്‍ കടന്നുവന്ന് കളിക്കാരോട് സംസാരിക്കാന്‍ ആഗ്രഹിച്ചു”വെന്ന് വെംഗ്സര്ക്കാറിന്റെ വെളിപ്പെടുത്തലിനോട് കപില്‍ദേവ് പ്രതികരിച്ചു.
ദാവൂദ് ഇന്ത്യന്‍ കസ്റ്റഡിയില്‍?
ഭീകരന് ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയിലുണ്ടെന്നു സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറല്ല. ഒരു വമ്പന്‍ രാഷ്ട്രീയ ആയുധമെന്ന നിലയിലാണ് ദാവൂദിന്റെ കസ്റ്റഡി വാര്‍ത്ത സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്നത്. അതേസമയം, ദാവൂദ് കസ്റ്റഡിയിലായെങ്കില് രഹസ്യാന്വേഷണ ഏജന്‍സികള്‍ ദാവൂദിനെ ചോദ്യം ചെയ്യുകയാവാമെന്നും പരമാവധി വിവരങ്ങള്‍ ചോര്ത്തുകയാവാമെന്നുമുള്ള വിശദീകരണങ്ങളാണ് ആഭ്യന്തരമന്ത്രാലയത്തോടടുത്ത ചില കേന്ദ്രങ്ങള്‍ നല്‍കുന്നത്. പക്ഷേ, അവരും ദാവൂദിന്റെ കസ്റ്റഡി വാര്‍ത്ത സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: