നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പുകളിലും അടുത്ത ഏപ്രിലില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പിലും കോണ്‍ഗ്രസിന്റെ തുരുപ്പു ചീട്ട് ഇക്കുറി ഭക്ഷ്യ സുരക്ഷാ ബില്‍ ആയിരിക്കും. രാജ്യത്തെ 80 കോടിയിലേറെ വരുന്ന ദരിദ്രര്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തുന്നതാണ് ഭക്ഷ്യ സുരക്ഷാ ബില്‍ എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ബില്‍ സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കേണ്ടി വരും. ആഗോള സാമ്പത്തിക ശക്തികളുടെ താത്പര്യത്തിനു വഴങ്ങി പത്തു വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ പൊതു വിതരണ സമ്പ്രദായത്തെ പാടെ തകര്‍ത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭക്ഷ്യ സുരക്ഷയെപ്പറ്റി സംസാരിക്കുന്നത്.
പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രായോഗിക സംവിധാനം മുതല്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന് സ്വീകരിക്കുന്ന മാര്‍ഗ്ഗം വരെയുള്ള കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുകയാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ തെരഞ്ഞടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഭക്ഷ്യ സുരക്ഷാ . എന്നാല്‍ അത് പാര്‍ലമന്റില്‍ അവതരിപ്പിക്കാനെടുത്ത സമയം സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു. അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി അധികാരത്തില്‍ നിന്ന് പുറത്തു പോകാനൊരുങ്ങവെ സര്‍ക്കാര്‍ ഇത്തരമൊരു ബില്‍ കൊണ്ടു വരുന്നത് തെരഞ്ഞടുപ്പ് തന്ത്രം എന്ന നിലക്ക് മാത്രമാണെന്ന വിമര്‍ശനത്തിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞെ പറ്റൂ. ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കുന്നതിനേക്കാള്‍ ഒരു വൈകാരിക മാനം നല്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നതും. ബില്‍ ലോക്സഭ പരിഗണിച്ച ദിവസം സോണിയ ഗാന്ധിക്ക് സഭയില്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. അസുഖം മൂലം അവര്‍ വിശ്രമത്തിലായിരുന്നു. ബില്ലിനനുകൂലമായി വോട്ടുചെയ്യാന്‍ കഴിയാഞ്ഞതില്‍ സോണിയ കരയുകയായിരുന്നുവെന്നാണ് രാഹുല്‍ പിന്നീട് നിയമസഭ തെരഞ്ഞടുപ്പ് പ്രചരണ വേദികളില്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും അനുകൂലിച്ച ഒരു ബില്ലിനെ തങ്ങളുടെ തെരഞ്ഞടുപ്പ് ബാലന്‍സ് ഷീറ്റില്‍ ഉള്‍ക്കൊള്ളിക്കാനുള്ള തരംതാണ കളിയാണിത്.
രസകരമായ കാര്യം യു പിഎ സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിനിടയിലാണ് രാജ്യത്തെ പൊതു വിതരണ സംവിധാനം പാടെ തകര്‍ന്നത് എന്നതാണ്. രാജ്യത്താകമാനം ദരിദ്രര്‍ക്ക് വിതരണം ചെയ്തിരുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്സീഡികള്‍ എടുത്തു കളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്ന റേഷന്‍ വിഹിതം നേര് പകുതിയായി വെട്ടിക്കുറച്ചു. എപിഎല്‍ -ബിപിഎല്‍ വേര് തിരിവ് സൃഷ്ടിച്ച്് ബഹുഭൂരിപക്ഷം സാധാരണ പൗരന്മാരെയും റേഷന്‍ വിതരണത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തെ ദരിദ്ര ജനകോടികളോട് സ്വീകരിച്ച സമീപനം ഇതായിരുന്നു.
കേവലം കോണ്‍ഗ്രസ് അജണ്ടയായിരുന്നില്ല ഇത്. സബ്സീഡികള്ക്കു വേണ്ടി വന്‍തോതില്‍ പണം ചെലവഴിക്കരുതെന്ന നവ സാമ്രാജ്യത്വ അജണ്ട നടപ്പാക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍. ഇപ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം പദ്ധതികളും തീരുമാനിക്കുന്നത് വിദേശ ഫണ്ടിങ്ങ് ഏജന്‍സികളാണ്. സര്‍ക്കാര്‍ സബ്സീഡികള്‍ നിര്‍ത്തിയില്ലെങ്കില്‍ വായ്പകള്‍ നല്‍കാനാവില്ലെന്ന ആഗോള മുതലാളിത്തത്തിന്റെ കല്‍പ്പനകള്‍ കേന്ദ്ര സര്‍ക്കാര്‍ ശിരസാ വഹിക്കുകയായിരുന്നു. 28,000 കോടി രൂപയുടെ റേഷന്‍ സബ്സീഡിയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷവും ഇത്തരം നയ സമീപനങ്ങള്‍ സ്വീകരിച്ചവര്‍ അധികാരമൊഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പട്ടിണിപ്പാവങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് പരിഹാസ്യമാണ്.
യഥാര്‍ത്ഥത്തില്‍ ഭക്ഷ്യസുരക്ഷ പദ്ധതി കോണ്‍ഗ്രസിന്റെ മസ്തിഷ്ക സന്തതിയല്ല. കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി റേഷന്‍ സബ്സീഡികള്‍ നിര്‍ത്തലാക്കിയപ്പോഴും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ സുരക്ഷ എന്ന ആശയം നടപ്പാക്കിയ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഛത്തീസ്ഗഢും. 2003 മുതല്‍ 2008 വരെയുള്ള തന്റെ ആദ്യ ഭരണകാലത്താണ് ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍സിംഗ് ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമിടുന്നത്. പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തി സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ രമണ്‍ സിംഗ് സര്‍ക്കാര്‍ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. 2008 ലെ നിയമസഭ തെരഞ്ഞടുപ്പില്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ രമണ്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രധാന കാരണവും ഈ പദ്ധതിയായിരുന്നു. 2008 മുതലുള്ള അഞ്ചു വര്‍ഷക്കാലത്തെ ഭരണത്തിനിടക്ക് പദ്ധതി സംസ്ഥാനത്തെ 90 ശതമാനം ജനങ്ങളിലേക്കുമെത്തിക്കാന്‍ ബിജെപി സര്‍ക്കാരിനായിട്ടുണ്ട്. ഛത്തീസ്ഗഢ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ അനുകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി.
യു പിഎ സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കണമെങ്കില്‍ പ്രതിവര്‍ഷം ഏതാണ്ട് 1.3 ലക്ഷം കോടി രൂപ കണ്ടെത്തേണ്ടി വരും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഒന്നു കൂടി വഷളാവാനും ഇതിടയാക്കും. സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അപകടകരമായ ഒരു കളിയാണിത്.
സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ഫലപ്രദമായി നടന്നു വന്നിരുന്ന പൊതു വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനു പകരം ഒരു കോണ്‍ഗ്രസ് പദ്ധതിയായി ഇത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പരാജയം ഉറപ്പാണ്. അതിന്റെ നഷ്ടം ഇന്നാട്ടിലെ ദരിദ്ര കോടികള്ക്കുമായിരിക്കും. സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് പൊതു തെരഞ്ഞടുപ്പിന് മുമ്പ് ഇതിനെ എങ്ങിനെ ഒരു രാഷ്ട്രീയ ആയുധമാക്കാമെന്നു മാത്രമാണ്. പറഞ്ഞു കേള്‍ക്കുന്നത് ഇന്തിരാഗാന്ധിയുടെ ചിത്രവും കോണ്‍ഗ്രസ് പതാകയിലെ നിറങ്ങളും ആലേഖനം ചെയ്ത പാക്കറ്റുകളിലാക്കി ധാന്യങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങുന്നുവെന്നാണ്. സര്‍ക്കാരിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം തീരുമാനങ്ങള്‍.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: