പത്തനാപുരം: കുരുന്നുമക്കള്‍ പഠിക്കാനെത്തുന്ന അംഗനവാടികളില്‍ ഭക്ഷണവും മറ്റ് പോഷകാഹാരങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നല്‍കുന്നത് കാരണം രക്ഷിതാക്കള്‍ ആശങ്കയില്‍.
പോഷകാഹാരത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തെ മാതാപിതാക്കള്‍ പേടിയോടെയാണ് കാണുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നല കണിയാംപടിക്കല് പതിമൂന്നാം നമ്പര്‍ അംഗന്‍വാടിയിലുണ്ടായ ഭക്ഷ്യവിഷബാധയും രക്ഷിതാക്കളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രണ്ട് മാസം മുമ്പാണ് പട്ടാഴി ഗ്രാമപഞ്ചായത്തിലെ കോളൂര്മുക്കില് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും കുട്ടികള്‍ക്ക് നല്കിയ പോഷകാഹാരത്തിന്റെ പാക്കറ്റില്‍ ഒരെണ്ണം ഉഗ്രവിഷമുള്ള കീടനാശിനിയായിരുന്നുവെന്ന് കണ്ടെത്തിയത്.
പോഷകാഹാരപാക്കറ്റുകള് പത്തനാപുരം താലൂക്കിലെ വിവിധ അംഗന്‍വാടികളില്‍ എത്തുന്നത് പുനലൂര്‍ ഐക്കരകോണത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റില്‍ നിന്നുമാണ്. കീടനാശിനികള്‍ കണ്ടെത്തിയ സംഭവത്തില്‍ കമ്മീഷനെ നിയമിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കണിയാംപടിക്കലിലെ പതിമൂന്നാം നമ്പര്‍ അംഗന്‍വാടിയില്‍ അധികൃതരുടെ അനാസ്ഥ കാരണം ദുര്‍ഗന്ധം വമിക്കുന്ന അരി കഞ്ഞിവച്ച് കുട്ടികള്‍ക്ക് നല്‍കിയത് കാരണം മൂന്ന് കുട്ടികളെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ മാത്രം ആശ്രയിക്കുന്ന അംഗനവാടികളില്‍ ഭക്ഷ്യവിഷബാധയും മറ്റ് അനിഷ്ടസംഭവങ്ങളുടെ പരമ്പരയും വര്‍ധിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഭയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: