കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കിലോക്ക് 100 രൂപയും നാളികേരത്തിന് കിലോക്ക് 35 രൂപയുമാണ് ചില്ലറ വില്‍പ്പന. വെളിച്ചെണ്ണക്ക് 18 22 രൂപയും നാളികേരത്തിന് കിലോക്ക് 10 15 രൂപയുമാണ് വര്‍ധിച്ചത്.
കാലാവസ്ഥാ വ്യതിയാനംമൂലം ഉല്പാദനത്തിലുണ്ടായ വന്‍കുറവും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ആവശ്യം വര്‍ധിച്ചതും വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കുമെന്ന് വ്യാപാരവൃത്തങ്ങള്‍ സൂചന നല്കി. ഇടനിലക്കാരുടെ എണ്ണം വര്‍ധിച്ചത് ചില്ലറ വ്യാപാരമേഖലയില്‍ വിലവര്‍ധനക്ക് കാരണമായെന്നും നാളികേര വികസന ബോര്‍ഡ് അറിയിച്ചു.
അടുത്ത മാസം ശബരിമല സീസണ് ആരംഭിക്കാനിരിക്കെ തേങ്ങവില വീണ്ടും ഉയരുമെന്നും വ്യാപാരികള്‍ പറയുന്നു. ശബരിമല തീര്‍ഥാടനവേളയില്‍ സാധാരണയായി നാളികേരവില വര്‍ധിക്കാറുണ്ട്. നാളികേരത്തിന് മൊത്ത വില്പന കേന്ദ്രങ്ങളില്‍ കിലോക്ക് 25 മുതല്‍ 27 രൂപ വരെയായിരുന്നു വിലയെങ്കില്‍ ഇപ്പോഴിത് 35 രൂപവരെ എത്തിയിട്ടുണ്ട്. ഒരു നാളികേരത്തിന് 12 13 രൂപവരെയാണ് മാര്‍ക്കറ്റില്‍ വില. തമിഴ്നാട്ടിലും മറ്റും കാലാവസ്ഥ വ്യതിയാനം മൂലം ഉല്പാദനം കുറഞ്ഞത് കേരളത്തിലേക്കുള്ള തേങ്ങയുടെ വരവ് പകുതിയായി കുറച്ചിട്ടുണ്ട്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍നിന്ന് കര്‍ണാടക വന്‍തോതില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതും കേരളത്തില്‍ വിലവര്‍ധനക്ക് ഇടയാക്കിയെന്ന് പറയുന്നു.
തേങ്ങയുടെ കയറ്റുമതി വര്‍ധിച്ചതും വിലവര്‍ധനക്ക് മറ്റൊരു കാരണമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉല്പാദനം പൂര്‍ണതോതിലാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. അതുവരെ വില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് നാളികേര വികസന ബോര്‍ഡ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: