ബ്രസല്‍സ്: 35 രാജ്യങ്ങളുടെ നേതാക്കന്മാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍.ഫോണ്‍, ഇ-മെയില്‍ എന്നിവ ചോര്‍ത്തിയെന്ന ചീത്തപ്പേരില്‍ നിന്നും ചീത്തപ്പേരിലേക്ക് അമേരിക്ക. ഓരോ ദിവസം കഴിയുമ്പോഴും കൂടുതല്‍ ആരോപണങ്ങളിലേക്ക് വീഴുകയാണ് അമേരിക്ക. ലോക രാജ്യങ്ങളിലെ പൗരന്മാരുടെയും വ്യവസായികളുടെയും വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന സ്നോഡന്റെ വെളിപ്പെടുത്തലോടെയാണ് അമേരിക്കയ്ക്ക് തലവേദന തുടങ്ങിയത്.
യൂറോപ്യന്‍ യൂണിയനിലെ നേതാക്കന്മാരുടെ വിവരം ചോര്‍ത്തിയെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ ആരോപണവുമായി ഒരു സ്വകാര്യ മാധ്യമം രംഗത്ത് വന്നത്.
35 ലോകനേതാക്കളുടെ ഫോണും ഇ-മെയിലും 2006ല്‍ അമേരിക്ക ചോര്‍ത്തിയെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ഗാര്ഡിയന് ന്യൂസ് പേപ്പറാണ് അമേരിക്കക്കെതിരെ വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്റാണ് ഫോണ്‍ നമ്പറുകളും മറ്റ് വിവരങ്ങളും അധികൃതര്‍ക്ക് കൈമാറിയതെന്ന് തെളിവുകളുടെ പിന്‍ബലത്തില്‍ ഗാര്ഡിയന് പറയുന്നു. ലഭിക്കുന്ന മുറയ്ക്ക് വിവരങ്ങള്‍ ജീവനക്കാര്‍ വൈറ്റ് ഹൗസിനും പെന്റഗണിനും കൈമാറിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പക്ഷേ ഏതൊക്കെ നേതാക്കളാണ് ചാരപ്രവര്‍ത്തനത്തിന് വിധേയരായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.
ചോര്‍ത്തലല്ല നടന്നതെന്നും വിവരശേഖരണമാണെന്നും ഇത് നല്ലതിനായിരുന്നുവെന്നുമുള്ള നിലപാടിലാണ് അമേരിക്ക ഉറച്ചുനില്‍ക്കുന്നത്. സഖ്യരാഷ്ട്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഭീകരത തടയുവാനുമാണെന്ന് യുഎസ് വ്യക്തമാക്കി.
ജര്‍മന്‍ ചാന്‍സിലര്‍ ഏഞ്ചലാ മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തപ്പെട്ടത് വിവാദമായതോടെ ജര്‍മനിയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ബെര്‍ലിന്‍ പ്രതിഷേധമറിയിച്ചു. അതിനു മുമ്പ് ഫ്രാന്‍സും അമേരിക്കന്‍ അംബാസിഡറെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന് സമ്മേളനത്തിനെത്തിയ രാഷ്ട്രനേതാക്കള്‍ പരസ്യമായിത്തന്നെ അമേരിക്കയുടെ നടപാടിനെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: