ന്യൂദല്‍ഹി: പ്രമുഖരുടെ ഇമെയില്‍-മൊബെയില്‍ ഫോണ്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് പേടിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. കാരണം അദ്ദേഹത്തിന് സ്വന്തമായി ഇ-മെയിലോ, എന്തിന് സ്വന്തമായി മൊബെയില്‍ ഫോണോ ഇല്ലത്രെ. എന്നാല്‍ ഐടി യുഗത്തില്‍ ഒരു രാജ്യത്തലവന് മെയില്‍ ഐഡിയും മൊബെയില്‍ ഫോണും ഇല്ലെന്ന വാര്‍ത്ത ഏറെ കുറച്ചിലുണ്ടാക്കുന്നുവെന്നാണ് യുവതലമുറയില്‍ പെട്ട പലരും പ്രതികരിച്ചത്. അതേ സമയം പ്രധാനമന്ത്രിയുടെ പേരില്‍ മറ്റു പലരുമാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് പിഎംഒയുടെ വെളിപ്പെടുത്തലെന്നാണ് സോഷ്യല്‍മീഡിയകളിലെ വിമര്‍ശനം.
യുഎസ് ആഗോള വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹത്തിന് ഇ-മെയില്‍ അക്കൗണ്ടില്ലെന്നും വക്താവ് അറിയിച്ചു. വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് ഒന്നും തന്നെ അറിയില്ലെന്നും ഇക്കാര്യത്തില്‍ അശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
35 ലോകനേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ യുഎസ് ചാരന്മാര് ചോര്‍ത്തുന്നുണ്ടെന്ന് ദ ഗാര്ഡിയന് പത്രമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വൈറ്റ് ഹൗസ്, പെന്റഗണ്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണ് ചാരന്മാര്ക്ക് ഫോണ്‍ നമ്പരുകള്‍ നല്‍കിയത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മാര്‍ക്കലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയതു സംബന്ധിച്ച് മുന്‍ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് എഡ്വേഡ് സ്നോഡലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: