വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ആലപ്പുഴയിലെത്തിയ രംഭയെന്ന പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ തൊഴിലായ പപ്പടനിര്മ്മാണത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. കാണാന്‍ നല്ല രസമുള്ള ജോലി. എന്നാല്‍ പപ്പടമുണ്ടാക്കാന്‍ മാവ് കുഴയ്ക്കുന്നതും പരത്തുന്നതും ഒട്ടും എളുപ്പമല്ലെന്ന് നാളുകള്‍ക്കകം രംഭ മനസ്സിലാക്കി. എന്നിട്ടും നാല്‍പ്പത്തി മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് നാരായണപൈ വിടപറഞ്ഞപ്പോള്‍ ഒറ്റപ്പെട്ടു പോയ രംഭ പാരമ്പര്യ തൊഴിലായ പപ്പടനിര്‍മാണ ജോലി തന്നെയാണ് കുടുംബം പോറ്റാന്‍ തെരഞ്ഞെടുത്തത്. ഭര്‍ത്താവ് ചെയ്യുന്ന ജോലികള്‍ കണ്ട് പപ്പടനിര്‍മ്മാണത്തിന്റെ രീതികളെല്ലാം അവര്‍ പഠിച്ചിരുന്നു. ഇപ്പോള്‍ രംഭയെന്ന ചെറിയ പെണ്‍കുട്ടിയെ കാലം എണ്‍പത്തിനാലുകാരി രംഭമുത്തശ്ശിയിലെത്തിച്ചു.
കൊടിയ ദാരിദ്ര്യത്തില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ വേണ്ടി പപ്പടമുണ്ടാക്കാന്‍ തുടങ്ങിയ രംഭ പിന്നീട് ഈ രംഗത്ത് സജീവമായി. ഭര്‍ത്താവ് അന്ന് പകര്‍ന്ന് നല്കിയ ജീവിതമാര്‍ഗം നെഞ്ചോട് ചേര്‍ത്ത് വാര്‍ധക്യത്തിലും മക്കള്‍ക്ക് താങ്ങായി നില്‍ക്കുകയാണ് ഇവര്‍. കൊല്ലങ്ങള്‍ക്ക് മുമ്പ് പപ്പടം നിര്‍മിച്ചിരുന്ന അതേ രീതികള്‍ തന്നെയാണ് ഇപ്പോഴും അനുവര്‍ത്തിക്കുന്നത്. അന്ന് പപ്പടം പരത്താന്‍ ഉപയോഗിച്ചിരുന്ന പലകയ്ക്ക് പോലും മാറ്റമില്ല. രംഭമുത്തശ്ശിയുടെ ദിവസം തുടങ്ങുന്നത് തന്നെ ഈ പലകയില്‍ തൊട്ടുവന്ദിച്ചതിന് ശേഷമാണ്. കാലങ്ങള്‍ പഴക്കമുള്ള ആ പലകയ്ക്ക് രംഭ മുത്തശിയുടെ പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിന്റെ കഥ പറയാനുണ്ടാകും.
പപ്പടനിര്‍മ്മാണം കാഠിന്യമേറിയ ജോലിയാണെങ്കിലും ജീവിതത്തിന്റെ കഷ്ടപ്പാടും ദാരിദ്ര്യവുമോര്ത്തപ്പോള് അതെല്ലാം മറന്നുപോയതായി മുത്തശ്ശി പറയുന്നു. പപ്പട നിര്‍മാണ രീതിയെക്കുറിച്ചും ഇതിന്റെ രുചിക്കൂട്ടിനെക്കുറിച്ചും പറയുമ്പോള്‍ നൂറ് നാവാണ് രംഭമുത്തശ്ശിക്ക്. പപ്പടക്കാരം, ഉപ്പ്, എണ്ണ, എന്നിവയാണ് ഇതിന്റെ നിര്‍മാണത്തിന് വേണ്ട സാധനങ്ങള്‍. രാത്രിയില്‍ ഇവ ചേര്‍ത്ത് മാവ് കുഴച്ചുവയ്ക്കും. പിന്നീട് പിറ്റേദിവസം പുലര്‍ച്ചെ വീട്ടുപണികള്‍ തീര്‍ന്നതിന് ശേഷം പരത്താന്‍ തുടങ്ങും. പപ്പടം പരത്താന്‍ ചിലപ്പോള്‍ മുത്തശ്ശിയുടെ ബന്ധുവായ എണ്പത്തിരണ്ടു വയസുള്ള ജയന്തി ഭായിയും കൂട്ടിനുണ്ടാകും.
തികച്ചും പാരമ്പര്യ രീതിയിലാണ് പപ്പടം ഇപ്പോഴും നിര്‍മ്മിക്കുന്നത്. രാസപദാര്‍ഥങ്ങളോ, മെഷീനുകളോ ഉപയോഗിക്കാറേയില്ല. കൈകൊണ്ട് നിര്‍മിക്കുന്ന പപ്പടത്തിന്റെ രുചിയെക്കുറിച്ച് കേട്ടറിഞ്ഞ് അന്യദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. കൂടാതെ ആലപ്പുഴ പട്ടണത്തിന്റെ സമീപപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഇവരുടെ പപ്പടമാണ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്. വര്‍ഷം ഇത്ര കഴിഞ്ഞെങ്കിലും ഇപ്പോഴും പപ്പടത്തിന് ആവശ്യക്കാര്‍ ഏറെയാണ്. പപ്പടങ്ങളില്‍ വ്യത്യസ്തത ഉണ്ടാക്കാനും രംഭമുത്തശി മറക്കാറില്ല. വ്യത്യസ്തമായ കുരുമുളക് പപ്പടം, മുളക് പപ്പടം, ജീരകപപ്പടം തുടങ്ങിയ ഭിന്നരുചികളിലുള്ള പപ്പടവും ഇവിടെ ലഭ്യമാണ്. പപ്പടത്തിന്റെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെങ്കിലും പഴയവില തന്നെയാണ് ആളുകളുടെ കയ്യില്‍ നിന്നും വാങ്ങുന്നത്.
വാര്‍ദ്ധക്യം വല്ലാതെ അലട്ടുന്നുണ്ടെങ്കിലും മക്കളെ കഴിയുന്ന രീതിയില്‍ സഹായിക്കാനാണ് ഇഷ്ടമെന്നും ഇവര്‍ പറയുന്നു. പുതിയ തലമുറക്കാരനായ ചെറുമകന് രംഭമുത്തശ്ശി പപ്പടനിര്‍മ്മാണത്തിന്റെ രീതികള്‍ പഠിപ്പിച്ചിട്ടുണ്ട്. പപ്പട നിര്‍മാണ തൊഴിലാളികള്‍ക്ക് പ്രത്യേക സംഘടനകളില്ലാത്തതുകൊണ്ട് സര്‍ക്കാരില്‍ നിന്ന് വാര്‍ധക്യകാല പെന്‍ഷനോ, മറ്റ് സഹായങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് അധികൃതരെ സമീപിക്കാനൊന്നും ഒരുക്കമല്ല രംഭമുത്തശ്ശി. ആവതുള്ള കാലം വരെ ഈ പണി ചെയ്ത് ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് പപ്പടമുത്തശ്ശി പറയുന്നു.
കെ.പി. അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: