തിരുവനന്തപുരം: മുന്‍മന്ത്രി ഗണേഷ്കുമാറും യാമിനി തങ്കച്ചിയും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും തിരുവനന്തപുരം കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.
ഇരുവരും കോടതിയില്‍ സമര്‍പ്പിച്ച സംയുക്ത ഹര്‍ജി പരിഗണിച്ചാണിത്. കോടതിയില്‍ കൗണ്‍സിലിംഗിന് വിധേയരായ ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും വിവാഹ മോചനം ആവശ്യമാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരുമായി ജഡ്ജി ചേംബറില്‍ അരമണിക്കൂറോളം സംസാരിച്ചു. ആവശ്യത്തില്‍ ഇരുവരും ഉറച്ചുനിന്നു. അഭിഭാഷക മാത്രമാണ് കോടതിയില്‍ യാമിനിക്കൊപ്പമുണ്ടായിരുന്നത്. ഗണേഷ് കുമാറിനൊപ്പം അഭിഭാഷകനെ കൂടാതെ സുഹൃത്തും സംവിധായകനുമായ ഷാജി കൈലാസും ഉണ്ടായിരുന്നു.
കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ഗണേഷ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വിവാഹമോചന കാര്യത്തില്‍ തീരുമാനമായതായി യാമിനി തങ്കച്ചി മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ മോചന കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗണേഷ് കുമാര്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാമിനി കൂട്ടിച്ചേര്‍ത്തു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പ് കരാറിന്റെ ഭാഗമായി യാമിനിക്കും കുട്ടികള്‍ക്കും സ്ഥിരം ജീവനാംശമായി തിരുവനന്തപുരം വഴുതക്കാട്ടെ ഇരുനില വീട് ഉള്‍പ്പെടെ പത്തു സെന്റ് സ്ഥലവും 2.25 കോടി രൂപയും ഗണേഷ്കുമാര് കൈമാറിയിരുന്നു. യാമിനിയുടെയും കുട്ടികളുടെയും പേരില്‍ 75 ലക്ഷം രൂപ വീതമുള്ള മൂന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായാണ് തുക കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: