ബെര്‍ലിന്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കെലിന്റെ ടെലഫോണ്‍ ചോര്‍ത്തിയിരിക്കാമെന്ന് റിപ്പോര്‍ട്ട്.
ഇത്തേതുടര്‍ന്ന് യുഎസ് അംബാസഡറെ വിളിച്ചുവരുത്തിയ ജര്‍മ്മനി വിശദീകരണം ചോദിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ശീതകാല സമരത്തെ തങ്ങളുടെ സംരക്ഷകരുമായ ജര്‍മ്മനിയുമായുള്ള നയതന്ത്ര അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്ന ഈ വെളിപ്പെടുത്തല്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി.
മുന്‍ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ട രേഖകളെ അധീകരിച്ച് ഡര് സ്പൈഗള് എന്ന മാഗസിനാണ് മെര്‍ക്കെലിന്റെ ഫോണ്‍ സംഭാഷണങ്ങളും അമേരിക്ക ചോര്‍ത്തിയിരിക്കാമെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പിന്നാലെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ ബന്ധപ്പെട്ട മെര്‍ക്കലെ പരാതിയുന്നയിച്ചു. എന്നാല്‍ ഇരുവരും തമ്മിലെ സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മെര്‍ക്കെലിന്റെ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നില്ലെന്നും ഭാവിയിലും അങ്ങനെ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നുമാണ് വിവാദത്തോടുള്ള അമേരിക്കന്‍ പ്രതികരണം. വ്യക്തതയില്ലാത്ത ആ വിശദീകരണവും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതിന് കാരണമായി. അമേരിക്കയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ജര്‍മ്മന്‍ പ്രതിരോധ മന്ത്രി തോമസ് മെയ്സിയര് ശക്തമായി തന്നെ രംഗത്തെത്തി. മെര്‍ക്കെലിന്റെ ടെലഫോണ്‍ രേഖകളില്‍ അമേരിക്ക നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിക്കപ്പെട്ടാല്‍ ഏറ്റവും മോശമായ വാര്‍ത്തയാകുമെന്നു മെയ്സിയര് തുറന്നടിച്ചു. അമേരിക്ക ഇപ്പോഴും നമ്മുടെ നല്ല സുഹൃത്തുക്കളാണ്. പക്ഷേ കേട്ടതൊക്കെ സത്യമാണെങ്കില്‍ ഏറ്റവും വലിയ കുറ്റമാവുമത്. ഇങ്ങനെ പോയാല്‍ അമേരിക്കയുമായുള്ള പഴയബന്ധം തുടരാനാവില്ലെന്നും മെയ്സയര് കൂട്ടിച്ചേര്‍ത്തു. അതേസമയം, മെയ്സിയറുടെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നാണ് അമേരിക്കന്‍ നിലപാട്.
യുഎസ് ചാരപദ്ധതിയായ പ്രിസത്തെ സംബന്ധിച്ച വെളിപ്പെടുത്തലിലൂടെ സ്നോഡന് തുറന്നുവിട്ട ഭൂതം ലോക ശക്തികളുടെ ബന്ധത്തെ ആടിയുലയിക്കുന്ന വിധം കരുത്താര്‍ജിക്കുകയാണ്. ചാരപ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ യുഎസ് അംബാസഡര്‍ ചാള്‍സ് റിവ്കിനെ വിദേശകാര്യ ഓഫീസില്‍ വിളിച്ചുവരുത്തി ഫ്രാന്‍സ് പ്രതിഷേധമറിയിച്ചിരുന്നു. മുന്‍ മെക്സിക്കന്‍ പ്രസിഡന്റ് ഫെലിപ്പ് കാല്‍ഡറണിന്റെ ഇ-മെയ്ല് അക്കൗണ്ട് അമേരിക്ക ഹാക്ക് റിപ്പോര്‍ട്ടുകളും പുറത്തുവരുകയുണ്ടായി. ഇതേത്തുടര്‍ന്ന് മെക്സിക്കന്‍ ഭരണകൂടവും അമേരിക്കയോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ മറ്റുരാജ്യങ്ങള്‍ നിര്‍വഹിക്കുന്ന രഹസ്യാന്വേഷണ ദൗത്യങ്ങളെ തങ്ങളും ചെയ്യുന്നുള്ളുവെന്നാണ് അമേരിക്കന്‍ വാദം. സഖ്യരാഷ്ട്രങ്ങളിലേത് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ലക്ഷോപലക്ഷം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നു പറയാതെ പറയുകയായിരുന്നു ഇതിലൂടെ ഒബാമ ഭരണകൂടം ചെയ്തത്. റഷ്യക്കെതിരെ ചാരവൃത്തിക്കുറ്റം ആരോപിക്കാനും അമേരിക്ക മറന്നില്ല. എന്നാല്‍ റഷ്യയതു നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: