പറവൂര്‍ : വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനത്തില്‍ പലരില്‍നിന്നുമായി കോടികള്‍ തട്ടിയെടുത്ത കൈതാരം ഉദയം സന്നദ്ധസംഘം പ്രസിഡന്റിനെ കൊടുങ്ങല്ലൂര്‍ മതിലകം പോലീസ് അറസ്റ്റു ചെയ്തു. കോട്ടുവള്ളി പഞ്ചായത്തില്‍ കൈതാരം പട്ടേരുപറമ്പില്‍ (വേലായുധ മന്ദിരം) രാമകൃഷ്ണന് മകന് പി. ആര്. വിശ്വനാഥ (61) നെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ. എം. സുരേന്ദ്രന്, എസ്.ഐ. പി. കെ. സ്റ്റീഫന്‍ എന്നിവരടങ്ങുന്ന പോലീസിന്റെ ഉന്നത സംഘവും, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഗ്യാസ് ഏജന്‍സി തുടങ്ങുന്നതിനായും, കോമണ്‍വെല്‍ത്തില്‍നിന്നും 4 ലക്ഷം വരെ 4 ശതമാനം പലിശയ്ക്ക് ലോണ്‍ തരപ്പെടുത്തിത്തരാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
വിവിധ ഏജന്‍സികളുടെ മറവില്‍ മന്ത്രിമാരെയും, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് ധാരാളം പൊതുചടങ്ങുകളും നടത്തിയിരുന്നു. ഇവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വായ്പക്കാരോട് വരാന്‍ പറയുകയും ചടങ്ങിനുശേഷം ഓഫീസില്‍ കൊണ്ടുപോയി പണം കൈപ്പറ്റുകയുമാണ് ചെയ്തുകൊണ്ടിരുന്നത്.
വൃദ്ധസദനം തുടങ്ങുമെന്ന് പ്രചരണം നടത്തി മറ്റൊരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടര്‍ പി ഐ ഷേയ്ക്ക് പരീത് ഈ സംരംഭത്തിന് 50,000 രൂപ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പു മനസ്സിലാക്കിയ കളക്ടര്‍ ഇതില്‍നിന്നും പിന്നീട് പിന്മാറി. നേരത്തെ കൊടുങ്ങല്ലൂരിലെ ഏതാനും പേരില്‍നിന്നും പണം കൈക്കലാക്കിയിരുന്നു. ലോണ്‍ ശരിയാക്കുന്നതിന് പല തവണകളായി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ട്. ഇങ്ങനെ പണം നല്‍കാമെന്ന വ്യാജേന കൊടുങ്ങല്ലൂരില്‍ വിളിച്ചുവരുത്തിയാണ് പരാതിക്കാര്‍ വിശ്വനാഥനെ പോലീസില്‍ ഏല്പിച്ചത്. പോലീസ് അറസ്റ്റുചെയ്ത വിവരം അറിഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി പണം നഷ്ടപ്പെട്ടവര്‍ പറവൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയാണ്. കഴിഞ്ഞ 7 വര്‍ഷമായി വിവിധ പദ്ധതികളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നുണ്ട്.
ഇതിനിടയില്‍ ഉന്നത സംഘങ്ങളുടെ രജിസ്ട്രേഷനുകളും സംഘടന കരസ്ഥമാക്കി. 50,000 മുതല്‍ 38 ലക്ഷം രൂപ വരെ നഷ്ടപ്പെട്ട ഇരുപതോളം പേര് ഇന്നലെ സ്റ്റേഷനില്എത്തി പരാതി നല്കി.
സംഘടനയുടെ രക്ഷാധികാരി ഒഴികെയുള്ള ഭാരവാഹികളും പണം നഷ്ടപ്പെട്ടവരില്പ്പെടുന്നു. പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഗ്യാസ് ഏജന്‍സിക്കായി കെടാമംഗലം മഠത്തിക്കുന്നേല്വീട് എം.വി. പ്രവീണ്‍കുമാര്‍ (23 ലക്ഷം), സ്വയംതൊഴില്‍ വായ്പയ്ക്കായി ഏഴിക്കര പുളിങ്ങനാട് തറയപ്പറമ്പില് തിലകന് ഭാര്യ മീര (അമ്പതിനായിരം), 70 ലക്ഷം രൂപ ലോണിനായി ലോണ്‍ ഡെപ്പോസിറ്റ് സെക്യൂരിറ്റിയായി കരിമ്പാടം മാരായില്‍ വീട്ടില്‍ എം ആര് രമേഷ് (7 ലക്ഷം), കൈതാരം സമൂഹം പറമ്പില്‍ വി കെ സോമിനില് നിന്നും രണ്ടര പവന് സ്വര്‍ണ്ണാഭരണങ്ങളും വാങ്ങിയതായി പരാതിയില്‍പ്പറയുന്നു.
സംഘടനയുടെ ട്രഷറര്‍ ഓമനയുടെ മകനില്‍നിന്നും (3 ലക്ഷം), മനോജ് (5 ലക്ഷം) അഷറഫ് (4 ലക്ഷം), അശോകന് (ഏഴര ലക്ഷം), റിയാസ് (2 ലക്ഷം), കടുങ്ങല്ലൂര്‍ സ്വദേശിയും രോഗിയുമായ ഹൈദ്രോസ് (2 ലക്ഷം), ബെന്നി (എട്ടരലക്ഷം), മനോജ് (15 ലക്ഷം), രാമാനന്ദന്‍ (നാലര ലക്ഷം), രവീന്ദ്രന് (30 ലക്ഷം), സോമന് (50,000), കൈതാരം ചന്ദ്രഭവനില്‍ രഞ്ജിത്ത് (33 ലക്ഷം), അമ്പലമുകള്‍ ഓയില്‍ റിഫൈനറി റിട്ട. ഉദ്യോഗസ്ഥന് വിക്രമന് (35 ലക്ഷം), സംഘം മുന്‍ ജോയിന്റ് സെക്രട്ടറി കോട്ടുവള്ളി ഇലഞ്ഞിവേലില്‍ മീന സെബാസ്റ്റ്യന്‍ (മുപ്പതിനായിരം), പട്ടണം കണിയാര്പാടം വീട്ടില്‍ വിനോദ് (50,000) തുടങ്ങിയവരാണ് ഇന്നലെ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: