പത്തനാപുരം: തലവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലേപ്പുര വാര്‍ഡിലെ മാംവിള എന്ന പ്രദേശത്തെ കുടുംബങ്ങള്‍ റോഡെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ്. പ്രദേശവാസികളുടെ ഈ കാത്തിരിപ്പിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. മാംവിളയിലെ 40 കുടുംബങ്ങളാണ് തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നതും കാത്ത് ദുരിത ജീവിതം നയിക്കുന്നത്.
അമ്പിക്കുഴി-ജംഗ്ഷനില്‍ നിന്നും പാലക്കോട്-മലയില്‍പള്ളി വരെയുള്ള രണ്ടര കിലോമീറ്റര്‍ ദുരിത യാത്ര നടത്തിയാണ് ഇവര്‍ വാഹനസൗകര്യമുള്ള പ്രധാന പാതയില്‍ എത്തിച്ചേരുന്നത്. അടിക്കടി പെയ്യുന്ന മഴയെത്തുടര്‍ന്ന് നേരത്തെ ഉണ്ടായിരുന്ന നടപ്പാതയും തകര്‍ന്ന നിലയിലാണ്. എംഎല്‍എയ്ക്കും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് അധികൃതര്‍ക്കും നിവേദനം നല്‍കിയിട്ടും അവഗണന മാത്രമായിരുന്നു ഫലം എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മേലേപ്പുര വാര്‍ഡിലെ വാര്‍ഡ് മെമ്പര്‍ക്ക് ഇങ്ങനോരു സ്ഥലമുണ്ടെന്ന് പോലും സംശയമാണ്. രണ്ടുവയസുമുതല്‍ 85 വയസുവരെ പ്രായമായവര്‍ താമസിക്കുന്ന 40 കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. രോഗം വന്നാല്‍ കട്ടിലില്‍ കിടത്തിയും കസേരയില്‍ ഇരുത്തിയും ചുമന്നുകൊണ്ടും വേണം വാഹന സൗകര്യമുള്ള പ്രധാന പാതയില്‍ എത്തിക്കാന്‍. വീട് വയ്ക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ സ്ഥലത്തെത്തിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇവര്‍ക്കാകുന്നില്ല.
ഇഎംഎസ് ഭവന പദ്ധതിപ്രകാരം ലഭിച്ച വീടുകളുടെ നിര്‍മ്മാണവും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങള്‍ വൃത്തിയാക്കാന്‍ പോകുന്ന തൊഴിലുറപ്പു തൊഴിലാളികളും ഈ തകര്‍ന്ന പാത കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു പ്രദേശത്തിന്റെ റോഡെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മാംവിളയിലെ ഈ നിര്‍ധന കുടുംബങ്ങള്‍.
അനന്തു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: