കൊല്ലം: കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും, അവസാനിപ്പിക്കുന്നതിനുമുള്ള ഒരു ക്യാമ്പെയിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ഇക്കൊല്ലത്തെ ശിശുദിനത്തില്‍ തുടക്കം കുറിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ അനാഥാലയങ്ങള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കായി സാമൂഹിക നീതിവകുപ്പിന്റെ സഹകരണത്തോടെ പെയിന്റിംഗ്, കഥയെഴുത്ത്, ഉപന്യാസരചന, പ്രസംഗമത്സരങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഈ മാസം 26നും 30നുമിടയില്‍ അതത് സ്ഥാപനങ്ങളില്‍ വെച്ചായിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. പെയിന്റിംഗ്, കഥയെഴുത്ത് എന്നിവയില്‍ അഞ്ചുവയസ്സിനും 12 വയസ്സിനുമിടയിലും, 13നും 18നുമിടയിലുള്ള കുട്ടികളെ രണ്ടുഗ്രൂപ്പായി തിരിച്ച് മത്സരങ്ങള്‍ ഉണ്ടാകും. ഉപന്യാസരചന, പ്രസംഗമത്സരങ്ങള്‍ എന്നിവ 13നും 18നുമിടയിലുളള കുട്ടികള്‍ക്കുവേണ്ടി മാത്രമായിരിക്കും നടത്തുക. ഇതില്‍ വിജയിക്കുന്നവര്‍ക്ക് നവംബര്‍ രണ്ടിന് ജില്ലാതല മത്സരങ്ങള്‍ നടത്തും. സാമൂഹ്യനീതി ഓഫീസറുടെ ചുമതലയിലാണ് ജില്ലാതലമത്സരങ്ങള്‍ നടത്തുന്നത്. ജില്ലാതലമത്സരങ്ങളിലെ ഒന്നാംസ്ഥാനക്കാര്ക്കായി നവംബര്‍ 13ന് തിരുവനന്തപുരത്ത് മാര്‍ ഇവാനിയോസ് കോളേജിലെ റിന്യൂവല്‍ സെന്ററില്‍ സംസ്ഥാനതല മത്സരങ്ങള്‍ നടക്കും. ഇതിലെ വിജയികള്‍ക്ക് നവംബര്‍ 14ന് തിരുവനന്തപുരത്ത് പഴയ നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ശിശുദിനാഘോഷച്ചടങ്ങില് സമ്മാനങ്ങള്‍ നല്‍കും.
മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി അനാഥാലയങ്ങള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവയുടെ മേധാവികള്‍ സാമൂഹികനീതി വകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: