ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കി. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന്റെ ഡബിള്‍ സെഞ്ച്വറിയുടെയും എ.ബി. ഡിവില്ലിയേഴ്സിന്റെ സെഞ്ച്വറിയുടെയും കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോര്‍ നേടിയത്. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 227 റണ്‍സോടെ ഗ്രെയിം സ്മിത്തും 157 റണ്‍സോടെ ഡിവില്ലിയേഴ്സുമാണ് ക്രീസില്‍. ആറ് വിക്കറ്റ് കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കക്ക് ഒന്നാം ഇന്നിംഗ്സില്‍ 361 റണ്‍സിന്റെ ലീഡാണുള്ളത്. പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ വെറും 99 റണ്‍സിന് ഓള് ഔട്ടായിരുന്നു.
മൂന്നിന് 128 എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സ്റ്റെയിനെ നഷ്ടമായി. മൂന്ന് റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച സ്റ്റെയിന് 7 റണ്‍സെടുത്ത് മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ ബൗള്‍ഡായാണ് മടങ്ങിയത്. പാക്കിസ്ഥാന്റെ ആഹ്ലാദം ഇവിടെ തീരുകയായിരുന്നു. ക്യാപ്റ്റന്‍ സ്മിത്തിനൊപ്പം ഡിവില്ലിയേഴ്സ് ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന് ബൗളര്‍മാര്‍ വശംകെട്ടു.
ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ഇരുവരും ചേര്‍ന്ന് അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 321 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ഗ്രെയിം സ്മിത്ത് ഡബിള്‍ സെഞ്ച്വറിയും ഡിവില്ലിയേഴ്സ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. കരിയറില്‍ അഞ്ചാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് സ്മിത്ത് ഇന്നലെ സ്വന്തമാക്കിയത്. ഡിവില്ലിയേഴ്സിന്റെ 17-ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: