മുംബൈ: ടാറ്റാ സണ്‍സുമായി ചേര്‍ന്നുള്ള സംയുക്തസംരംഭത്തില്‍ നിക്ഷേപം നടത്താന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്കി.
ടാറ്റാ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനിയായ ടാറ്റാസിയ എയര്‍ലൈന്‍സ് ലിമിറ്റഡില്‍ ടാറ്റാ സണ്‍സിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഉള്ളത്.
സംരംഭത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നടത്തുന്ന 4.9 കോടി ഡോളറിന്റെ പ്രാഥമിക വിദേശ നിക്ഷേപത്തിനാണ് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയത്.
ബോര്‍ഡ് യോഗത്തിനു ശേഷം സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ് മയാരമാണ് ഇക്കാര്യം അറിയിച്ചത്. സംരംഭത്തിന് കമ്പനികാര്യ വകുപ്പില്‍ നിന്ന് കഴിഞ്ഞയാഴ്ച അനുമതി കിട്ടിയിരുന്നു.
ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിന്റെ ഭാഗമാണ് ടാറ്റാ ഗ്രൂപ്പ്. 1932ല്‍ ജെആര്‍ഡി ടാറ്റ ആരംഭിച്ച ടാറ്റാ എയര്‍ലൈന്‍സാണ് പിന്നീട് എയര്‍ ഇന്ത്യ ആയത്. 1953ല്‍ എയര്‍ ഇന്ത്യയെ ദേശസാത്കരിച്ചു. അതിനു ശേഷം വ്യോമയാന രംഗത്തേക്ക് മടങ്ങിവരാന്‍ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇപ്പോള്‍ എയര്‍ഏഷ്യയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ബജറ്റ് എയര്‍ലൈനും സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഫുള്‍ സര്‍വീസ് എയര്‍ലൈനും തുടങ്ങുകയാണ് ടാറ്റാ സണ്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: