തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ് പി.സി.ജോര്‍ജ്ജിനെതിരായി നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രി പി.ജെ.ജോസഫ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പ്രതിസന്ധി. ഇന്നലെ തിരുവനന്തപുരത്ത് ചേരാനിരുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ജോസഫിന്റെ നിലപാടിനെ തുടര്‍ന്ന് ചേരാനായില്ല. ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന ഉറച്ച നിലപാട് ജോസഫ് വിഭാഗം സ്വീകരിച്ചു. ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ബഹിഷ്കരിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന അനുനയ ശ്രമവും പാളിയതോടെയാണ് സ്റ്റിയറിങ് കമ്മിറ്റി ചേരാന്‍ കഴിയാത്തത്. ഇതോടെ ജോര്‍ജിനെതിരായ നിലപാട് കര്‍ശനമാക്കി കെ.എം.മാണിയും പി.ജെ.ജോസഫിനെതിരായി പരസ്യ പ്രസ്താവന നടത്തി പി.സി.ജോര്‍ജും രംഗത്തുവന്നു. ഉന്നതാധികാര സമിതിയോഗം ചേര്‍ന്നു ചര്‍ച്ച നടത്തിയ ശേഷം സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നാല്‍ മതിയെന്നും ജോര്‍ജിനൊപ്പം യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും പി.ജെ.ജോസഫ് നിലപാടു സ്വീകരിച്ചു.
സോളാര്‍, ഡാറ്റാ സെന്റര്‍ വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരേ പി.ജെ.ജോസഫും കൂട്ടരും നേരത്തെ തന്നെ പ്രതിഷേധിച്ചിരുന്നു. ജോര്‍ജിനെതിരേ നടപടിയും ആവശ്യപ്പെട്ടു. ഈ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നലെ യോഗം വിളിച്ചത്. യോഗത്തിനു മുമ്പ് പി.സി.ജോര്‍ജ് വാര്‍ത്താചാനലുകള്‍ക്ക് അഭിമുഖം നല്കി. ഇതില്‍ ജോസഫ് വിഭാഗം നേതാക്കളെ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചു. കളിയാക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം മതിയാകുമെന്ന പ്രസ്താവനയും നടത്തി. ഇതാണ് ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. പരസ്യ പ്രസ്താവന വിലക്കിയശേഷഴും ജോര്‍ജ്ജ് പ്രസ്താവന നടത്തിയതാണ് പ്രകോപനം സൃഷ്ടിച്ചത്.
അഭിമുഖം പുറത്തു വന്ന ശേഷം ജോസഫ് വിഭാഗം നേതാക്കള്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയെ തീരുമാനം അറിയിച്ചു. ജോര്‍ജിനെതിരായി നടപടിയെടുക്കാതെ അദ്ദേഹം പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു പി.ജെ.ജോസഫിന്റെ നിലപാട്. സ്റ്റിയറിങ് കമ്മിറ്റിക്ക് മുമ്പ് ഉന്നതാധികാര സമിതി ചേരണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചു. തുടര്‍ന്ന് പി.ജെ.ജോസഫിന്റെ വീട്ടില്‍ നേതാക്കള്‍ യോഗം ചേര്‍ന്നു. ജോസഫിനെ അനുനയിപ്പിക്കാന്‍ കെ.എം.മാണിയുടെ നിര്‍ദേശ പ്രകാരം തോമസ് ഉണ്ണിയാടന് എത്തി. നേതാക്കളുമായി സംസാരിച്ചെങ്കിലും നിലപാടില്‍ നിന്നും പിന്മാറാന് ജോസഫ് തയ്യാറായില്ല. ജോര്‍ജിന്റെ നിലപാടുകളും അഭിപ്രായങ്ങളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് ഗുണകരമാകില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പരസ്യമായി പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങള്‍ കെ.എം.മാണിയോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ അനുനയ ചര്‍ച്ച പൊളിയുകയായിരുന്നു.
ഈ അവസരത്തില്‍ ജോര്‍ജ് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറായില്ല. കോണ്‍ഗ്രസുമായി വഴക്കു വേണ്ടെന്നു കരുതിയാണ് ഒരു ലോക്സഭാ സീറ്റ് മതിയെന്ന അഭിപ്രായം പ്രകടിപ്പിച്ചതെന്നു ജോര്‍ജ് പറഞ്ഞു. ജോര്‍ജിന് ഇതു പറയാന്‍ ആര് അധികാരം നല്‍കിയെന്ന ചോദ്യവുമായി ജോസഫ് വിഭാഗവും രംഗത്തെത്തി. ജോസഫ് വിഭാഗത്തിനു ലഭിക്കാനിടയുള്ള സീറ്റ് നഷ്ടപ്പെടുത്തുന്നതിന് ആസൂത്രിതമായി ജോര്‍ജ് നടത്തുന്ന നീക്കമാണിതെന്നാണ് ജോസഫിന്റെ ആരോപണം. ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായതോടെ യോഗം മാറ്റി വയ്ക്കാന്‍ കെ.എം.മാണി നിര്‍ദേശിക്കുകയായിരുന്നു. ജോര്‍ജിനെ മെരുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണെന്നു പരസ്യമായി പറയാന്‍ മാണി തയ്യാറായി. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മാണി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: