ബീജിംഗ്: അതിര്‍ത്തി പ്രതിരോധ സഹകരണ കരാറില്‍ ഇന്ത്യയും ചൈനയും ഒപ്പു വച്ചു. അതിര്‍ത്തിയില്‍ സമാധാനവും സഹകരണവും ഉറപ്പാക്കുന്ന കരാറാണിത്. ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന ഘടകമായി അതിര്‍ത്തിയിലെ സമാധാനത്തെ കാണാനും മന്മോഹന് സിംഗും ലീ കെ കിയാങും തീരുമാനിച്ചു. ഇതോടൊപ്പം നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ധാരണാപത്രവും ഇരു നേതാക്കളും ഒപ്പുവച്ചു.
ഞങ്ങള്‍ അതിര്‍ത്തി കരാറില്‍ ഒപ്പു വച്ചു, ഇതിലൂടെ അതിര്‍ത്തിയില്‍ സമാധാനവും പ്രശാന്തതയും സ്ഥിരതയും നിലനിര്‍ത്താനാകുമെന്ന് പ്രത്യാശിക്കുന്നുവെന്ന് കരാറില്‍ ഒപ്പു വച്ച ശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ- ചൈന ബന്ധം ഊഷ്മളമാക്കാന്‍ മന്മോഹന് സിംഗ് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുന്നെന്നും ഇരു രാജ്യങ്ങളുടെ ബന്ധം പരിപോഷിപ്പിക്കാന്‍ കരാര്‍ ഉതകുമെന്നും ചൈനീസ് പ്രധാനമന്ത്രി വ്യക്തമാക്കി.
അതിര്‍ത്തിയിലെ 4000 കിലോമീറ്റര്‍ മേഖലയിലുള്ള സംഘര്‍ഷത്തിന് അറുതിവരുത്താനുദ്ദേശിക്കുന്ന കരാറിന്റെ കരടിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയില്‍ നിന്ന് ഇന്നലെയാണ് മന്മോഹ്ന് ബീജിംഗിലെത്തിയത്. സ്റ്റാപ്പിള്‍ഡ് വിസാ വിവാദവും പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. അരുണാചലില്‍ നിന്നുള്ള കായിക താരങ്ങല്ക്ക് അടുത്തിടെ ചൈന സ്റ്റാപ്പിള്‍ഡ് വിസ അനുവദിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ഇതേതുടര്‍ന്ന് വിസാ ചട്ടങ്ങളില്‍ ഇളവനുവദിക്കുന്ന കരാറില്‍ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗിനേയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ക്കൂളില്‍ നാളെ നടക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: