പാട്ന: ബീഹാറില്‍ ഹുങ്കാര്‍ റാലിയ്ക്ക് വേണ്ടി ബിജെപി വന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു. പാട്നയിലെ ഗാന്ധി മൈതാനംഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും മറ്റൊരു ചരിത്ര നിമിഷം ബീഹാറിന് സമ്മാനിക്കാനുങ്ങുകയാണ് ബിജെപി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി തന്നെയാണ് ഹുങ്കാര്‍ റാലിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
പാട്നയില്‍ ഇതിനോടകം തന്നെ നമോ ടീ സ്റ്റാളുകള്‍ വന്‍ വിജയമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ മോദി ബ്രാന്‍ഡിലുള്ള മറ്റൊന്നുകൂടി സൗജന്യമായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സഹര്‍സയിലെ ബിജെപി യൂണിറ്റ്. നരേന്ദ്ര മോദിയുടെ പേരില്‍ ജിലേബിയാണ് സൗജന്യമായി നല്‍കുക.
ഈ മാസം 27 ന് നടക്കുന്ന ഹുങ്കാര്‍ റാലിയ്ക്ക് വേണ്ടി ഗാന്ധി മൈതാനിലെ ആര്‍ബിഐ ബില്‍ഡിംഗ് തുടങ്ങി മൊന സിനിമ വരെ 2.5 ലക്ഷം ചതുരശ്ര അടിയില്‍ ഏറെ വരുന്ന ടെന്റാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. പാട്നയിലേക്ക് ലക്ഷക്കണക്കിന് പാര്‍ട്ടി അനുഭാവികള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് വേണ്ടി വിതരണ കേന്ദ്രങ്ങള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ യോഗ സ്ഥലത്തേയ്ക്ക് എത്തിയ്ക്കുന്നതിനായി 3,000 ബസുകളും 11 സ്പെഷ്യല്‍ ട്രെയിനുകളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്. ജൈഹയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാട്നയിലേക്ക് എത്തുന്നത് ഹുങ്കാര്‍ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന മോട്ടോര്ബൈക്കിലായിരിക്കും.
സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ 30 അടി നീളമുള്ള ഇലക്ട്രോണിക് സ്ക്രീന്‍ സ്ഥാപിക്കും. കൂടാതെ എത്ര അകലത്തില്‍ ഇരുന്നാലും പരിപാടി വീക്ഷിക്കുന്നതിനായി 30 ല്‍ അധികം സ്ക്രീനുകളും ഉണ്ടായിരിക്കും. ഉന്നത സാങ്കേതിക വിദ്യയോട് കൂടിയ ശബ്ദസംവിധാനമാണ് മറ്റൊരു സവിശേഷത. 12 ക്യാമറമാന്മാര് ഉണ്ടായിരിക്കും. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ ഹുങ്കാര്‍ റാലിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: