ന്യൂയോര്‍ക്ക്: അമേരിക്കന്‍ സുരക്ഷാ ഏജന്‍സി എന്‍എസ്എ ഫ്രഞ്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് ഓഫീസര്‍ ജയിംസ് ക്ലാപ്പര്‍. ലേ മെന്ഡേയെന്ന ഫ്രഞ്ച് ദിനപത്രം പുറത്തുവിട്ട റിപ്പോര്‍ട്ടിനെതിരെയാണ് ക്ലാപ്പര്‍ രംഗത്തു വന്നത്. എല്ലാ രാജ്യങ്ങളും ചെയ്യുന്നതു പോലെയുള്ള വിവരശേഖരണമാണ് തങ്ങളും ചെയ്തതെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ പ്രസ്താവന പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് സമ്മതിക്കുന്ന തരത്തിലായിരുന്നു. ഇതിന് തൊട്ടു പിന്നാലെ മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് ഓഫീസര്‍ നേരിട്ട് രംഗത്ത് വന്നു എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ പൗരന്മാരുടെ ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ വിവരങ്ങള്‍ തുടങ്ങിയവ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എ ചോര്‍ത്തിയതായി മുന്‍ ഉദ്യോഗസ്ഥന് സ്നോഡന് വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് ദിനപത്രമായ ലേ മെന്‍ ഡേയില്‍ വന്ന റിപ്പോര്‍ട്ട് അമേരിക്കയുടെ വിദേശ നയതന്ത്രത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവുമാണെന്ന് ക്ലാപ്പര്‍ പറഞ്ഞു.
ഫ്രാന്‍സിലെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയുമടക്കം 70 മില്യണ്‍ ഫോണ്‍ സന്ദേശങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി ലേ മെന്‍ ഡേ ദിനപത്രം പുറത്തു വിട്ടിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നയുടനെ ഫ്രാന്‍സ്, യുഎസ് അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ ഫ്രാന്‍സിനുണ്ടായ അവിശ്വാസം നയതന്ത്രനീക്കത്തിലൂടെ പരിഹരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍ അര്ദ്ധകുറ്റസമ്മതമെന്ന നിലയില്‍ വൈറ്റ് ഹൗസിന്റെ പ്രസ്താവന കൂടുതല്‍ രാജ്യങ്ങളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തിയതോടെയാണ് അമേരിക്ക നിലപാട് മാറ്റിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2012 ഡിസംബര്‍ പത്തിനും 2013 ജനുവരി എട്ടിനും ഇടയിലാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്ന് മുന്‍ എന്‍എസ്എ കരാര്‍ ജീവനക്കാരനായ എഡ്വേര്‍ഡ് സ്നോഡന് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: