കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ ജില്ല ആസ്ഥാനമായ കാക്കനാട് സിവില്‍ സ്റ്റേഷന് മൈതാനത്ത് നടത്തുന്ന ജനസമ്പര്ക്കപരിപാടിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ഐ.ജി കെ. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൈതാനത്തെയും പന്തലിലെയും ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇന്ന് മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മൈതാനത്തേക്കുള്ള പ്രവേശനം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. പ്രവേശനമനുവദിക്കുന്ന ഗേറ്റുകള്‍ സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുക.
ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത് വിവിധ വകുപ്പുകള്‍ക്ക് കൈമാറിയ 3245 പരാതികള്‍ക്ക് പുറമെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1636 പരാതികള്‍ കൂടി താലൂക്ക് ഓഫീസുകളില്‍ ലഭിച്ചു. വിവിധ വകുപ്പുകളുടെ ഓഫീസുകളില്‍ സ്വീകരിച്ച പരാതികള്‍ കൂടിയാകുമ്പോള്‍ മൊത്തം പരാതികളുടെ എണ്ണം ആറായിരം കവിയും. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പരാതികളിലെ റിപ്പോര്‍ട്ടുകള്‍ ഇന്ന് നടക്കുന്ന അവലോകന യോഗത്തില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിയുന്നത്ര പരാതികളില്‍ ഇന്നു തന്നെ തീര്‍പ്പു കല്പ്പിക്കാനാണ് ശ്രമം.
ഏറ്റവും കൂടുതല്‍ പരാതികള്‍ കണയന്നൂര്‍ താലൂക്കില്‍ നിന്നാണ് – 560. കുന്നത്തുനാട് – 281, പറവൂര്‍ – 164, മൂവാറ്റുപുഴ – 200, കോതമംഗലം – 191, കൊച്ചി – 320 എന്നിങ്ങനെയാണ് . റീസര്‍വേ, പോക്കുവരവ്, സീറോ ലാന്‍ഡ് ലെസ് പദ്ധതിയില്‍ ഭൂമി, തൊഴില്‍ തുടങ്ങിയ സംബന്ധമായ പരാതികളും ധാരാളമുണ്ട്. പ്രകൃതിദുരന്തത്തിനിരയായവരുടെ സഹായാഭ്യര്‍ത്ഥനകളും ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിക്ക് മുന്നിലെത്തും.
കണയന്നൂര്‍ താലൂക്കില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം ലഭിച്ചത് 230 അപേക്ഷകളാണ്. ആകെ ലഭിച്ച പരാതികളില്‍ നൂറെണ്ണത്തിന് താലൂക്ക് തലത്തില്‍ തന്നെ പരിഹാരമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകളാണ് ലഭിച്ചവയില്‍ നല്ലൊരു പങ്കും. കുന്നത്തുനാട് താലൂക്കില്‍ ചികിത്സാസഹായത്തിന് പുറമെ റീസര്‍വെ, സീറോ ലാന്‍ഡ്ലെസ് പദ്ധതി തുടങ്ങിയവയിലേക്കും നിരവധി അപേക്ഷകളുണ്ട്. പറവൂരില്‍ പ്രകൃതിദുരന്തത്തില്‍ നഷ്ടം സംഭവിച്ചവരുടെ പരാതികളും മുഖ്യമന്ത്രിയെ തേടിയെത്തി.
മൂവാറ്റുപുഴയില്‍ 59 പരാതികള്‍ താലൂക്ക് തലത്തില്‍ പരിഹരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 186 പരാതികളാണ് താലൂക്കില്‍ ലഭിച്ചത്. കോതമംഗലം താലൂക്കില്‍ പട്ടയം, പോക്കുവരവ് എന്നിവ സംബന്ധിച്ചാണ് പരാതികള്‍. കൊച്ചി താലൂക്കില്‍ 320 പരാതികളില്‍ 194 പരാതികളും ഓണ്‍ലൈനായി നേരത്തെ തന്നെ അപ്ലോഡ് ചെയ്തവയാണ്. 32 പേര് ചികിത്സാസഹായത്തിനായി താലൂക്കില്‍ അപേക്ഷ സമര്‍പ്പിച്ചു. പട്ടയത്തിനായി അപേക്ഷിച്ചവര്‍ 70. രാമേശ്വരം കോളനിയിലെ പട്ടയപ്രശ്നം മുഖ്യമന്ത്രി ഇടപെട്ട് കഴിഞ്ഞയാഴ്ച പരിഹരിച്ചിരുന്നു. 262 പേര്‍ക്കുള്ള പട്ടയം ജനസമ്പര്‍ക്കപരിപാടിയില്‍ വിതരണം ചെയ്യും.
ജില്ലയില്‍ ജനസമ്പര്‍ക്കപരിപാടിയിലേക്ക് ആകെ ലഭിച്ച പരാതികളില്‍ അമ്പത് ശതമാനവും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ് എ.ഡി.എം ബി. രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: