കൊച്ചി: രാജ്യത്തെ മുന്‍നിര വാണിജ്യ കേന്ദ്രങ്ങളില്‍ കൊച്ചി പത്താമത്. ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഫോര്‍ റീ സ്ട്രക്ചറിങ് എന്‍വയോണ്‍മെന്റ് ആന്‍ഡ് മാനേജ്മെന്റും (ജിറെം), പ്രോപ്പര്‍ട്ടി സേവനത്തില്‍ ആഗോളതലത്തില്‍ മുന്‍നിരക്കാരായ ഡിടി സെഡും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ മികച്ച 21 വാണിജ്യ കേന്ദ്രങ്ങളെ കണ്ടെത്തിയത്.
സാമ്പത്തിക, സാംസ്കാരിക, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് നിക്ഷേപം നടത്താനുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടിയത്.
160 പോയിന്റില്‍ 117.92 പോയിന്റ് നേടിയാണ് കൊച്ചി പത്താം സ്ഥാനത്തെത്തിയത്. മനുഷ്യ വിഭവശേഷിയില്‍ കൊച്ചി ഏറ്റവും ഉയര്‍ന്ന പോയിന്റായ 15.6 നേടി. കൊടുങ്ങല്ലൂര്‍, അങ്കമാലി, പിറവം, ചേര്‍ത്തല എന്നീ സ്ഥലങ്ങളുടെ വികസനത്തോടെ കൊച്ചി ആഗോള നഗരമായി വളരുമെന്ന് ജിറെം പ്രസിഡന്റ് ശ്യാം സുന്ദര്‍ എസ്. പറഞ്ഞു.നോയ്ഡ, ഹൈദരാബാദ്, വഡോദര തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളെക്കാള്‍ ബിസിനസ് അനുകൂലമായ കാലാവസ്ഥയാണ് കൊച്ചിയിലേതെന്ന് സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയിലെ ആദ്യ സ്ഥാനങ്ങള്‍ ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, പുണെ നഗരങ്ങള്‍ നേടി. കോയമ്പത്തൂര്‍, ഭുവനേശ്വര്‍, നാഗ്പുര്‍ എന്നിവയും ആദ്യ പത്തില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: