ചെന്നൈ: ആയുധങ്ങളുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് കപ്പലായ എവി സീമാനില് നിന്ന് പിടിയിലായ 35 ജീവനക്കാരില്‍ 22 വിദേശ ജീവനക്കാരെ സുക്ഷാ പ്രശ്നങ്ങള്‍ കാരണം തിരുനെല്‍വേലിയിലെ പാളയംകോട്ട ജയിലില്‍ നിന്ന് ചെന്നൈയിലെ പുഴല്‍ ജയിലിലേയ്ക്ക് മാറ്റിയേക്കും.
ഏതൊരു കേസില്‍ വിദേശികളെ പിടിച്ചാലും അവരെ സുരക്ഷാ പ്രശ്നങ്ങളാല്‍ ചെന്നൈ ജയിലിലേക്ക് മാറ്റാറാണ് പതിവ്. കപ്പിലില്‍ നിന്ന് പിടിച്ച ജീവനക്കാരില്‍ അഞ്ച് ബ്രിട്ടീഷുകാരും മൂന്ന് ഉക്രെയ്ന് സ്വദേശികളും 14 എസ്റ്റോണിയന്‍ സ്വദേശികളുമാണുള്ളത്. ഈ 22 വിദേശ ജീവനക്കാരേയും അതുപോലെ പാളയംകോട്ടയില്‍ നിന്നും പുഴല്‍ ജയിലിലേക്ക് മാറ്റിയേക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് തൂത്തുക്കുടി തുറമുഖത്തുനിന്ന് കപ്പല്‍ ജീവനക്കാരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇപ്പോള്‍ തമിഴ്നാട് പോലീസിലെ ക്യു ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ആഗസ്തിലാണ് കപ്പല്‍ കൊച്ചി തീരത്തെത്തിയത് . ആ സമയത്ത് കപ്പലില്‍ മുഴുവന്‍ രേഖകളുമുണ്ടായിരുന്നു. തുറമുഖത്തെ പരിശോധനയിലും ഡീസല്‍ നിറക്കുന്നതിനുമായി ഈ രേഖകള്‍ കൊച്ചിയില്‍ ഹാജരാക്കിയതുമാണ്. എന്നാല്‍ തൂത്തുക്കുടിയില്‍ പിടിയിലാകുമ്പോള്‍ കപ്പലിന്റെ ഉടമസ്ഥതയോ ലൈസന്‍സോ സംബന്ധിച്ച രേഖകളൊന്നും ഉണ്ടായിരുന്നില്ല.
ഇതിനിടയില്‍ രേഖകള്‍ എങ്ങിനെ അപ്രത്യക്ഷമായെന്നത് ദുരൂഹമാണ്. അതേസമയം രേഖകള്‍ സുരക്ഷാ മുന്‍കരുതല്‍ കണക്കിലെടുത്ത് കപ്പലില്‍ സൂക്ഷിക്കാറില്ലെന്നും വിമാനമാര്‍ഗ്ഗം അയക്കുകയോ കൊണ്ടു പോവുകയോ ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
ആഫ്രിക്കന്‍ സമുദ്ര മേഖലയില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനുള്ള അമേരിക്കന്‍ കപ്പലാണിതെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലുടമകളായ അഡ്വാന് ഫോര്‍ട്ട് എന്ന അമേരിക്കന്‍ ഷിപ്പിങ്ങ് കമ്പനിയുടെ മറ്റു കപ്പലുകള്‍ക്ക് അകമ്പടി പോകുക എന്നതാണ് പിടിയിലായ എം വി സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്ന കപ്പലിന്റെ ജോലി. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫൈലിന് ചുഴലിക്കാറ്റിന്റെ ഭീഷണി നേരിടുന്ന സമയത്ത് കപ്പല്‍ എന്തിന് തൂത്തുക്കുടി തുറമുഖത്തെത്തി എന്ന ചോദ്യവും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധം എത്തിച്ചു നല്കലായിരുന്നോ കപ്പലിന്റെ ഉദ്ദേശ്യമെന്നും സംശയമുണ്ട്. കപ്പിത്താനടക്കം കപ്പലിലെ രണ്ട് ക്രൂ അംഗങ്ങള്‍ ആത്മഹത്യക്കു ശ്രമിച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കപ്പലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്താത്തതും ദുരഹത വര്‍ദ്ധിപ്പിക്കുന്നു. പിടിയിലായ 35 പേരില്‍ 10 പേര് ക്രൂ അംഗങ്ങളാണ്.
മറ്റുള്ളവര്‍ സായുധ കമാന്റോകളും. ഇന്ത്യന്‍ ആയുധ നിയമപ്രകാരം അനുമതിയില്ലാതെ ആയുധങ്ങള്‍ കൈവശം വയ്ക്കുക, പാസ്പോര്‍ട്ട് നിയമം, അവശ്യവസ്തു നിയമം എന്നിവ പ്രകാരവും നിയമാനുസൃതമല്ലാത്ത രീതിയില്‍ ഇന്ധനം ആര്ജിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: