ശ്രീനഗര്‍: അതിര്‍ത്തി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. കേന്ദ്ര സേനയില്‍ നിന്നും വിരമിക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വിമുക്ത ഭടന്മാരുടെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ജമ്മുവിലെത്തിയ ഷിന്‍ഡെ കാശ്മീരിലെ സാമ്പാ മേഖല സന്ദര്‍ശിച്ചു.
ഇന്ന് രാവിലെ ഒമ്പതരമണിയോടെയാണ് ഷിന്‍ഡെ ജമ്മു കാശ്മീരിലെത്തിയത്. ജമ്മുവിലെത്തിയ അദ്ദേഹം ആദ്യം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും ഹെലികോപ്റ്റര്‍ മാര്‍ഗം സാമ്പായിലെത്തുകയായിരുന്നു. മുതിര്‍ന്ന സൈനിക, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരുമായും ഷിന്‍ഡെ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അദ്ദേഹം ബി.എസ്.എഫ് ജവാന്മാരെ അഭിസംബോധന ചെയ്തു. അതിര്‍ത്തി ഗ്രാമങ്ങളിലെ ചില വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാക് ആക്രമണത്തെത്തുടര്‍ന്ന് ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ പലായനം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇടപെടല്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് അമേരിക്ക ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞിരുന്നു. ഈ അഭിപ്രായം വിദേശകാര്യ മന്ത്രാലയം തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. കശ്മീര്‍ വിഷയത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റം ഉണ്ടായേക്കാമെന്ന വിവരം ലംഭിച്ചിട്ടുണ്ട്. വരുന്ന ശീതകാലത്ത് കാശ്മീര്അതിര്ത്തിയിലെ 40 സെക്റ്ററുകള്‍ ലക്ഷ്യം വച്ച് നുഴഞ്ഞു കയറാന്‍ പരിശീലനം കിട്ടിയ 700 ഭീകരര്‍ പാക് മേഖലയിലുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്ന കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഷിന്‍ഡെയുടെ കാശ്മീര്‍ സന്ദര്‍ശനം.
ഇതിനിടെ പാകിസ്ഥാന് വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ അബ്ദുലിയന്‍ മേഖലയിലാണ് പാകിസ്ഥാന് വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2013 വര്‍ഷത്തില്‍ മാത്രമായി ഇതുവരെ 136 വെടി നിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടന്നിരിക്കുന്നത്. വെടിവെപ്പിനെ തുടര്‍ന്ന് സാംബാ മേഖലയിലെ സുജത്ഖഡ് ഗ്രാമത്തില്‍ നിന്ന് ഗ്രാമീണര്‍ പലായനം ചെയ്തു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: