ചെന്നൈ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കൂടംകുളം ആണവ നിലയത്തില്‍ വൈദ്യുതി ഉത്പാദനം തുടങ്ങി. സാങ്കേതിക പ്രശ്നങ്ങളും പ്രതിഷേധങ്ങളും കാരണമാണ് കാലതാമസത്തിനു കാരണമായത്. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെയാണ് ഉത്പാദനം ആരംഭിച്ചത്. തെക്കന്‍ വൈദ്യുതവിതരണ ശൃംഖലയുമായി ബന്ധിച്ചിരിക്കുന്ന പ്ലാന്റിലെ യൂണിറ്റ് ഒന്നില്‍ നിന്നും 160 മെഗാവാട്ടിനടുത്ത് വൈദ്യുതിയാണ് ലഭിച്ചത്.
കൂടംകുളം ആണവനിലയത്തില്‍ രണ്ടിലധികം റഷ്യന്‍ റിയാക്ടറുകള്‍ കൂടി സ്ഥാപിക്കുന്നതിന് ഭാവിയില്‍ ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്ന് മോസ്കോ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മന്മോഹന് സിംഗ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വൈദ്യുതി ഉത്പാദനം ആരംഭിച്ചത്.
റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച നിലയത്തിലെ റിയാക്ടറുകളില്‍ ഒരോന്നിനും 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ശേഷിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയമാണ് കൂടംകുളത്തേത്.
ആദ്യഘട്ടത്തില്‍ 160 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ജനറേറ്ററുകളുടെ പരിശോധനയ്ക്കും മറ്റ് ചില പരീക്ഷണങ്ങള്‍ക്കും ശേഷം ഉത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് സൈറ്റ് ഡയറക്ടര്‍ ആര്.എസ്.സുന്ദര്‍ പറഞ്ഞു. യൂണിറ്റ് ഒന്നിന്റെ നിര്‍മാണം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി ഉത്പാദനം നടക്കുന്നത്.
കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ഉത്പാദനയന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും എന്നാല്‍ നീരാവി ഉത്പാദനം തുടരുമെന്നും ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.നാഗേഷ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ടര്‍ബൈനിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ നീരാവി അതിലൂടെ കടത്തി വിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏതൊരു റിയാക്ടറിലും നടക്കുന്ന സാധാരണ പ്രക്രിയയാണെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു. ഇത് തന്നെയാണ് കൂടംകുളത്തും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിറ്റ് ഒന്നിന്റെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നത് കഴിഞ്ഞ ജൂലൈയിലാണ്. പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി പരിശോധനകളും നടപടികളും എടുത്തിരുന്നു. 1988ല്‍ ആണവ നിലയം രൂപീകരിക്കുന്നതിന് പദ്ധതി ഇട്ടിരുന്നെങ്കിലും 2001 ലാണ് പുരോഗതിയുണ്ടാകുന്നത്.
ഈ പദ്ധതി നടപ്പാക്കുന്നതിന് തുടക്കം മുതല്‍ ഒട്ടനവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ആദ്യ യൂണിറ്റ് കമ്മീഷന് ചെയ്യുന്നതിനുള്ള സമയപരിധിയും നിരവധി തവണ ലംഘിച്ചിരുന്നു. വാല്‍വ് തകരാറുകള്‍ പരിഹരിക്കുന്നതിന് റഷ്യന്‍ സംഘത്തിന്റെ സഹായവും തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: