ശാസ്താംകോട്ട: കോണ്‍ഗ്രസ് നേതാവ് ക്ഷേത്രഭൂമി കയ്യേറി അനധികൃത നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് ഭരണിക്കാവില്‍ സംഘര്‍ഷം. രാഷ്ട്രീയസ്വാധീനത്തിന്റെ മറവില്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതാണ് വ്യാപകമായ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായത്.
ഭരണിക്കാവ് ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള ഭൂമിയിലാണ് കയ്യേറ്റം നടത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ പി.നൂറുദീന്കുട്ടിയാണ് ഇവിടെ കെട്ടിട നിര്‍മാണം നടത്തിയത്. ക്ഷേത്രഭൂമി കയ്യേറിയ ഇദ്ദേഹം ആദ്യം താല്‍ക്കാലിക കെട്ടിടം നിര്‍മിക്കുകയായിരുന്നു. പിന്നീട് ഇതിന് പിന്നില്‍ കോണ്‍ക്രീറ്റ് പില്ലറിട്ട് നിര്‍മാണപ്രവര്‍ത്തനം തകൃതിയാക്കി. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ഭക്തജനസമിതിയും ക്ഷേത്രം ഭാരവാഹികളും പലതവണ ഇത് തടസപെടുത്താന്‍ ശ്രമിച്ചെങ്കിലും ഭീഷണിയും സ്വാധീനവും ഉപയോഗിച്ച് നൂറുദീന്‍ നിര്‍മാണം തുടരുകയായിരുന്നു. ക്ഷേത്രഭൂമി കയ്യേറിയത് കൂടാതെ റോഡ് കയ്യേറ്റവും നടത്തിയത് ശ്രദ്ധയില്‍പെടുത്തിയെങ്കിലും പോലീസും മൗനം പാലിച്ചു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച് നടത്തി. ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയെയും വില്ലേജ് ഓഫീസറെയും ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദേശിക്കുകയായിരുന്നു. ഭരണിക്കാവ് ദേവിക്ഷേത്രത്തിന്റെ അധീനതയിലുള്ള ഏക്കറോളം ഭൂമി ഇന്ന് സ്വകാര്യവ്യക്തികളുടെ കൈവശമാണ്. എന്നാല്‍ അടുത്ത കാലത്തായി നടത്തിയ നിര്‍മാണങ്ങളും കയ്യേറ്റങ്ങളും ക്ഷേത്രം ഭരണസമിതിയും ഭക്തജനങ്ങളും എതിര്‍ത്തതോടെയാണ് കയ്യേറ്റത്തിന് അയവ് വന്നത്. കയ്യേറ്റം സംബന്ധിച്ച പല കേസുകളും കോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രോപദേശകസമിതി സെക്രട്ടറി ബിനുകുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ്, പി.ആര്.കണ്ണന്, ആര്.രാജേഷ്, മണിലാല്‍ വിഷ്ണു തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്കി.
ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്, സുരേഷ് (വിഎച്ച്പി), പി.എസ്.ഗോപകുമാര്‍ (ഹിന്ദുഐക്യവേദി), ആര്.രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: