ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി കര്‍ശന നിലപാടുകളുമായി വനംപരിസ്ഥിതി മന്ത്രാലയം. പശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതായി പ്രഖ്യാപിച്ച് ഖാനനം,വൈദ്യുതപദ്ധതികള്‍,വ്യാവസായിക ശാലകള്‍ എന്നിവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പശ്ചിമഘട്ട സംരക്ഷണത്തിനായി രൂപീകരിച്ച മാധവ ഗാഡ്ഗില്‍ കമ്മറ്റി ശൂപാര്ശകളേയും ഡോ.കസ്തൂരി രംഗന് സമിതി ശുപാര്‍ശകളേയും ചേര്‍ത്തുതയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണ് വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ പുതിയതായി എന്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഗ്രാമസഭകളുടെ അനുമതി വേണമെന്ന നിബന്ധനയും വനം പരിസ്ഥിതി മന്ത്രാലയം മുന്നോട്ടു വയ്ക്കുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ 37 ശതമാനം വരുന്ന പ്രദേശങ്ങളില്‍ യാതൊരു ഇടപെടലുകളും ഇനി അനുവദിക്കില്ല. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമിറക്കുന്ന ഉത്തരവിന്റെ കരടുരൂപം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു.
കന്യാകുമാരി മുതല്‍ വടക്ക് തപ്തി നദി വരെയുള്ള 1500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പശ്ചിമഘട്ടത്തില്‍ മണ്ണെടുക്കല്‍,പാറപൊട്ടിക്കല്‍ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ മലിനീകരണമുണ്ടാക്കുന്ന വ്യാവസായിക ശാലകള്‍ക്കും അനുമതി നല്‍കില്ല. താപവൈദ്യുത പദ്ധതികള്‍ക്ക് ഒരു തരത്തിലും പശ്ചിമഘട്ടത്തില്‍ അനുമതി നല്‍കില്ലെന്നു വ്യക്തമാക്കുന്ന പരിസ്ഥിതി മന്ത്രാലയം അതിരപ്പിള്ളി പദ്ധതി ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതികള്‍ക്കും തല്‍ക്കാലത്തേക്ക് അനുമതി നല്‍കില്ല. കര്‍ണാടകയിലെ ഗുണ്ടിയ പദ്ധതിക്കും അനുമതി നല്‍കില്ല.
പശ്ചിമഘട്ട മലനിരകളെ ജൈവവൈവിധ്യ സമ്പന്നമായ പ്രദേശം,വനഭൂമി തുണ്ടുതുണ്ടായി കിടക്കുന്ന പ്രദേശം, വനമേഖലയോട് ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങളുള്ള പ്രദേശം എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ട് സംരക്ഷണം ഉറപ്പുവരുത്താനുള്ള ഗാഡ്ഗില്‍-കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ടുകളെ വനംമന്ത്രി ജയന്തി നടരാജന് അംഗീകരിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു മേഖലകളിലും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. മൂന്നാമത്തെ പ്രദേശത്താണ് ഖാനനപ്രവര്ത്തനങ്ങളുള്പ്പെടെ നിര്‍ത്തിവയ്ക്കുന്നത്.
20,000 ചതുരശ്ര മീറ്ററിലധികം വരുന്ന കെട്ടിടങ്ങള്‍ ഇനിമുതല്‍ പശ്ചിമഘട്ട മേഖലയില്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ പൈപ്പ് ലൈനുകളുടെ പദ്ധതികളുമായി വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുപോകാം. പശ്ചിമഘട്ട മേഖലകളില്‍ താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിച്ചെടുക്കുന്നതിന് പകരം കൂടുതല്‍ പാരിസ്ഥിതിക സൗഹാര്‍ദ്ദപരമായ ജീവിതം നയിക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള നടപടികളാണ് വനം പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നത്.
2011 ആഗസ്തില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു വിവാദമായതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പറ്റി അവലോകനം നടത്താന്‍ കസ്തൂരി രംഗന് സമിതിയെ മന്ത്രാലയം നിയോഗിക്കുകയായിരുന്നു. ഈ രണ്ടു റിപ്പോര്‍ട്ടുകളിലേയും ശുപാര്‍ശകള്‍ സ്വീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവുമായി വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടു പോകുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: