പാരീസ്:ചാരപ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി ഫ്രാന്‍സ് പ്രതിഷേധമറിയിച്ചു. യുഎസ് അംബാസഡര്‍ ചാള്‍സ് റിവ്കിനെ ഇന്നലെ രാവിലെയാണ് ഫ്രഞ്ച് വിദേശകാര്യ ഓഫീസില്‍ വിളിച്ചുവരുത്തിയത്.
എന്നാല്‍ ഇതു സംബന്ധിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. മുന്‍ മെക്സിക്കന്‍ പ്രസിഡന്റ് ഫെലിപ്പ് കാല്‍ഡറണിന്റെ ഇ-മെയ്ല് അക്കൗണ്ട് അമേരിക്ക ഹാക്ക് ചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മെക്സിക്കന്‍ ഭരണകൂടവും അമേരിക്കയോട് വിശദീകരണം ചോദിച്ചു.
യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ലക്ഷക്കണക്കിനു ഫ്രഞ്ച് പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന ലെ മൊണ്ടെ ദിനപത്രത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് കാരണം. 2012 ഡിസംബര്‍ പത്തിനും 2013 ജനുവരി എട്ടിനുമിടയില്‍ 73 ദശലക്ഷം ടെലഫോണ്‍ സംഭാഷണങ്ങള്‍ എന്‍എസ്എ ചോര്‍ത്തിയതായി പത്രം വെളിപ്പെടുത്തിയിരുന്നു.
ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ മാര്‍ക്ക് ഐറാള്‍ട്ട് പറഞ്ഞു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി മാനുവല്‍ വാല്സിന്റെ പ്രതികരണവും സമാനമായിരുന്നു. ഒരു സൗഹൃദരാഷ്ട്രം ഫ്രാന്‍സിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും യുറോപ്യന്‍ രാജ്യങ്ങളിലോ ചാരവൃത്തി നടത്തുന്നത് അംഗീകരിക്കാനാവില്ല, വാല്‍സ് വ്യക്തമാക്കി. അതേസമയം, സിറിയന്‍ വിഷയത്തിനു പരിഹാരം ലക്ഷ്യമിട്ടുള്ള യൂറോപ്യന്‍ പര്യടത്തിന് ആരംഭംകുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാരീസിലെത്തിയ വേളയിലുണ്ടായ നയതന്ത്രപ്രശ്നം ഗൗരവമേറിയതാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യതയ്ക്ക് കോട്ടംവരുത്തുന്നതാണ് യുഎസിന്റെ പ്രവൃത്തിയെന്നും നയതന്ത്ര ലോകം കരുതുന്നു. എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ട യുഎസ് ചാരപദ്ധതിയായ പ്രിസത്തെക്കുറിച്ചും ഫ്രാന്‍സിന് സംശയങ്ങളുണ്ട്. ഇതു ദൂരികരിക്കാന്‍ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ ജൂലൈയില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: