കൊച്ചി: ഉത്തരമേഖലയുംദക്ഷിണമേഖലയും തമ്മിലുള്ള ദുലീപ് ട്രോഫി ഫൈനല്‍ മത്സരത്തിന്റെ അഞ്ചാം ദിവസത്തെ കളിയും ഗ്രൗണ്ടിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ഉത്തരമേഖലയും ദക്ഷിണമേഖലയും ദുലീപ് ട്രോഫിയില്‍ സംയുക്ത ചാമ്പ്യന്മാരായി.
ദുലീപ് ട്രോഫിയുടെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സംയുക്ത ജേതാക്കളെ പ്രഖ്യാപിക്കുന്നത്. മഴയും ഔട്ട് ഫീല്‍ഡിലെ നനവുംമൂലം അഞ്ചുദിവസ മത്സരത്തില്‍ ആകെ 10 ഓവര്‍ മാത്രമാണ് കളി നടന്നത്. ദക്ഷിണമേഖല രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് എടുത്തിരുന്നു. മഴമൂലം കൊച്ചിയില്‍ നടന്ന സെമിഫൈനല്‍ മത്സരവും പൂര്‍ത്തിയാക്കാനായിരുന്നില്ല. പിന്നീട് ടോസിലൂടെയായിരുന്നു വിജയികളെ നിശ്ചയിച്ചത്.
മത്സര ദിവസങ്ങളില്‍ പകല്‍ സമയത്ത് മഴയില്ലാതിരുന്നിട്ടും തലേദിവസം രാത്രി പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ കഴിയാതിരുന്നതോടെയാണ് മത്സരം ഉപേക്കിക്കേണ്ടി വന്നത്. മത്സരം ഉപേക്ഷിച്ചത് ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുന്ന വിരേണ്ടര്‍ സെവാഗ്, ഹര്ഭജന് സിംഗ്, ദിനേശ് കാര്‍ത്തിക്ക് തുടങ്ങിയ താരങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഗ്രൗണ്ടിന്റെ അപാകത മൂലം മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായതോടെ ഗ്രൗണ്ട് നവീകരണത്തിന് ചെലവഴിച്ച കോടികള്‍ എവിടെപ്പോയി എന്ന ചോദ്യവും ഉയരുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന് ക്രിക്കറ്റിന് തന്നെ അപമാനമാണെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ നവംബര്‍ 21ന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം നടക്കാനിരിക്കെ ഗ്രൗണ്ടിലെ പ്രശ്നങ്ങള്‍ മല്‍സരത്തിന് ഭീഷണിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: