ഓച്ചിറ: അഴീക്കല്‍ ഹാര്‍ബറിന് തെക്ക് സമതി ജംഗ്ഷന് കിഴക്കുവശം ടിഎസ് കനാലില്‍ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെടുത്തു.
ഗവ. ഹൈസ്കൂള്‍ അഴീക്കലിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും അഴീക്കല്‍ ഒറ്റതെങ്ങില്‍ മത്സ്യതൊഴിലാളിയായ സുധീഷ്-ലിസാ ദമ്പതികളുടെ മകനുമായ അശ്വിന്, (നിധീഷ് 13), പ്രയാര്‍ ആര്‍വിഎസ്എം എച്ച്എസ്എസിലെ ഏഴാം ക്ലാസ് മത്സ്യതൊഴിലാളിയായ ഉണ്ണികൃഷ്ണന്-സീന ദമ്പതികളുടെ മകന് അരുണ്‍ കൃഷ്ണന് (നിഖില്‍ 13) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അഴീക്കല്‍ മംഗള ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചതിനുശേഷം ഇരുവരും കനാലില്‍ കുളിക്കാനിറങ്ങിയതാണ്. പിന്നീട് കുട്ടികളെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കണ്ണടയും ചെരുപ്പും ഇരുവരുടെയും വസ്ത്രങ്ങളും മറ്റും കരയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും സംയുക്തമായി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ 6.10ന് കനാലിന്റെ കിഴക്കു ഭാഗത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് അരുണ്‍ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പത്തിനോടെ അഴീക്കല്‍ പാലത്തിന് സമീപം കനാലില്‍ അശ്വിന്റെ മൃതദേഹവും കണ്ടെത്തി.
ഇരുവരുടെയും മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഇരുവരും പഠിച്ചിരുന്ന വിദ്യാലയങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് മൂന്നു മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അശ്വിന്റെ സഹോദരന് അനൂപ്. അരുണ്‍ കൃഷ്ണന്റെ സഹോദരന് അഖില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: