ന്യൂദല്‍ഹി: അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന റഷ്യ-ചൈന സന്ദര്‍ശനത്തിനു തിരിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പുതിയ അന്തര്‍വാഹിനി വാങ്ങുന്ന കരാറില്‍ റഷ്യയുമായി ഒപ്പുവെയ്ക്കും. കൂടംകുളം ആണവ കരാറില്‍ നിന്നും ഇന്ത്യ അവസാന നിമിഷം പിന്മാറിയിട്ടുണ്ട്. കൂടംകുളം നിലയത്തിന്റെ മൂന്നും നാലും ആണവ റിയാക്ടറുകളുടെ വികസനം സംബന്ധിച്ച കരാര്‍ നിയമപരമായും വാണിജ്യപരമായും കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രം ഒപ്പുവച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
റഷ്യയില്‍ നിന്നും വാങ്ങിയ ഐഎന്‍എസ് സിന്ധുരക്ഷക് മുംബൈ തീരത്ത് സ്ഫോടനത്തെതുടര്‍ന്ന് മുങ്ങിയ സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനി വാങ്ങാന്‍ തീരുമാനമായത്. പുതിയ അന്തര്‍വാഹിനിക്കായി റഷ്യയുമായി 60,000 കോടി രൂപയുടെ കരാറുണ്ടാക്കുന്നതിനാണ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് സമിതി തീരുമാനിച്ചത്.
നിലവില്‍ റഷ്യയില്‍നിന്നും അകുല രണ്ടാം ക്ലാസ് ആണവ അന്തര്‍വാഹിനിയായ നെര്‍പ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ നേവി വാങ്ങി ഐഎന്‍എസ് ചക്ര എന്ന പേരില്‍ ഉപയോഗിക്കുന്നുണ്ട്. 8000 ടണ്‍ ഭാരമുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് ചക്ര. ഇതിനുപുറമേ 1990കളില്‍ യുഎസ്എസ്ആറിന്റെ തകര്ച്ചയേത്തുടര്ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ ബാധിച്ച് നിര്‍ത്തി വെച്ചിരുന്ന പഴയ അകുല അന്തര്‍വാഹിനിയായ ഇര്ബിസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുന്നതിന് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും.
റഷ്യന്‍ പ്രസിഡന്റുമായി അഫ്ഗാനിസ്ഥാന് അടക്കമുള്ള അന്താരാഷ്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നു പ്രധാനമന്ത്രി യാത്ര പുറപ്പെടും മുമ്പ് ദല്‍ഹിയില്‍ അറിയിച്ചു. ചൈനയിലെ പുതിയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. റഷ്യന്സന്ദര്ശനത്തിന് ശേഷംഒക്ടോബര് 22ന് ചൈനയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യാ-ചൈന അതിര്‍ത്തി സമാധാനം ഉറപ്പുവരുത്തുന്ന അതിര്‍ത്തി പ്രതിരോധ സഹകരണക്കരാറില്‍ ഒപ്പുവെയ്ക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: