കോതമംഗലം: ഒരോവര്‍ഷവും എത്തിച്ചേരുന്ന കോടിക്കണക്കിന് അയ്യപ്പഭക്തന്മാര് അനുഭവിക്കുന്ന ദുരിതങ്ങള്‍ അകറ്റുന്നതിന് ഭക്തര്‍ക്കുവേണ്ടി ശബരിമല മേല്‍ശാന്തി പ്രാര്‍ത്ഥിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് തൃക്കാരിയൂര്‍ പി.എന്‍.നാരായണന് നമ്പൂതിരിയോടഭ്യര്ത്ഥിച്ചു. ശബരിമലമേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തൃക്കാരിയൂര്‍ പി.എന്‍.നാരായണന് നമ്പൂതിരിക്ക് വിവിധ ഹൈന്ദവ സമുദായസംഘടനകളുടെ ആഭിമുഖ്യത്തില്‍ തൃക്കാരിയൂരില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ അപൂര്‍വ്വം വ്യക്തികള്‍ക്ക് വല്ലപ്പോഴും വീണുകിട്ടുന്ന അവസരമാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ അഞ്ച് കോടിയിലേറെ ഭക്തര്‍ ദര്‍ശനം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലെ മേല്ശാന്തിയാകുകയെന്ന ഭാഗ്യമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. നാടിന്റെ വികസനം മാത്രം ആയാല്‍ വികസനം പൂര്‍ണമാകുന്നില്ല. മനുഷ്യമനസ്സിന്റെ വികസനം കൂടി അനിവാര്യമാണ്. ശബരിമലമേല്ശാന്തിസ്ഥാനത്തിരുന്ന് അയ്യപ്പനെ സേവിക്കുന്നതിലൂടെ മേല്‍ശാന്തിക്കും ദേവസ്ഥാനമാണ് ലഭിക്കുന്നതെന്നു ഇത് തൃക്കാരിയൂര്‍ നാടിന്റെ സൗഭാഗ്യമാണെന്നും ഈ സ്ഥാനലബ്ദിയില്‍ നാടുമുഴുവന്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാരിയൂരിന്റെ പെരുമക്ക് കൂടുതല്‍ മഹത്വം ശബരിമലമേല്ശാന്തിസ്ഥാനലബ്ദിയിലൂടെ തൃക്കാരിയൂരിലെ ജനതക്ക് ലഭിച്ചിരിക്കുന്നതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ ടി.യു.കുരുവിള എംഎല്‍എ അഭിപ്രായപ്പെട്ടു. തൃക്കാരിയൂരില്‍ നിന്ന് ശബരിമലക്ക് മുമ്പുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സി.വി.ഗോവിന്ദന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ സബ്ഗ്രൂപ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ എം.ജി.സുകുമാരന്‍നായര്‍ ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ ലൈജു പണിക്കര്‍, പഞ്ചായത്തംഗങ്ങളായ സജീവ് സൗപര്‍ണിക, ജയകുമാര്‍, ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ഇ.ടി.നടരാജന്, താലൂക്ക് സംഘചാലക് ഇ.എന്‍.നാരായണന്, വിവിധ ഹൈന്ദവ സമുദായസംഘടന നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ.കെ.സനന് സ്വാഗതവും അനില്‍ ഞാളുമഠം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: