കൊല്ലം: ദേശീയപാതയില്‍ വാഹനാപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ 108 ആംബുലന്‍സ് സംവിധാനം കൊല്ലം ജില്ലക്ക് ഇന്നും അന്യം. സര്‍വീസ് അദ്യം നിലവില്‍ വന്നത് തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ്. കൊല്ലം ജില്ലയില്‍ 108 ആംബുലന്‍സിന്റെ സേവനം ഇതുവരെയും ലഭ്യമായിട്ടില്ല.
തിരുവനന്തപുരത്തും ആലപ്പുഴയിലുമായി 43 ആംബുലന്‍സ് സര്‍വീസുകള്‍ ഏറ്റെടുത്തു നടത്താനാണ് വീണ്ടും സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
കൊല്ലം ജില്ല ഇതുവരെയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പാരിപ്പളളി മുതല്‍ ഓച്ചിറ വരെയുള്ള ഭാഗത്തും കൊട്ടാരക്കര എം സി റോഡിലും വാഹനാപകടങ്ങള്‍ നിത്യസംഭവമാണ്. ഈ ഭാഗങ്ങളില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും എണ്ണം ഒരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പാരിപ്പളളി ജംഗ്ഷനില്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ 108ല്‍ വിളിച്ചപ്പോള്‍ സേവനം ജില്ലാതിര്ത്തിവരെ മാത്രമാണെന്ന അറിയിപ്പാണ് ലഭിച്ചത്. പരുക്കേറ്റവരെ പിന്നീട് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് എത്തിച്ച് അവിടെനിന്ന് 108ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് 108 ആംബുലന്‍സിലെ തൊഴിലാളികളും നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു.
അന്നുമുതല്‍ 108 ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ കൂടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകളും രക്ഷാ പ്രവര്‍ത്തകരും മുന്നോട്ട് വന്നിരുന്നു. വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രികളില്‍ എത്തിക്കുന്നതിന് അധുനിക സൗകര്യങ്ങളുള്ള 108 ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ വേണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായിട്ടും നടപടികള്‍ അനന്തമായി നീളുകയാണ്.
പുതിയ ടെന്‍ഡര്‍ വരുമ്പോള്‍ ജില്ലയെ പരിഗണിക്കുമെന്ന് ജനപ്രതിനിധികളും ഉറപ്പ് നല്‍കിയരുന്നതായി നാട്ടുകാരും പൊതു പ്രവര്‍ത്തകരും പറയുന്നു. വാഹനാപകടങ്ങള്‍ നിത്യസംഭവമായിരിക്കുന്ന കൊല്ലം ജില്ലയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആംബുലന്‍സുകളുടെ സേവനം പലപ്പോഴും ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. അപകടങ്ങളില്‍പ്പെടുന്നവരെ പോലീസ് വാഹനത്തിലും സ്വകാര്യവാഹനങ്ങളിലുമാണ് ആശുപത്രികളില്‍ എത്തിക്കുന്നത്.
വാഹനാപകടങ്ങളില്‍പെടുന്നവര്‍ക്ക് മണിക്കൂറുകളോളം രക്തം വാര്‍ന്ന് റോഡില്‍ കിടന്ന് മരണത്തോട് മല്ലടിക്കേണ്ട ദുരവസ്ഥയാണുള്ളത്.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മിക്കവരും വാഹനം നിര്‍ത്താറില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ തങ്ങള്‍ തയാറാണ്. പക്ഷെ, വാഹനം ഇല്ല. ഇതാണ് സാഹചര്യം. അപകടം നടന്നാല്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ ആരും വാഹനം നിര്‍ത്താത്തതിനാല്‍ റോഡില്‍ കയറിനിന്ന് വാഹനം തടഞ്ഞാണ് ഇവരെ ആശുപത്രികളില്‍ എത്തിക്കുന്നത്. ഈ അവസരം മുതലാക്കി സ്വകാര്യ ആംബുലന്‍സുകള്‍ കൊളള ലാഭം കൊയ്യുകയും ചെയ്യുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി 108 ന്റെ 43 ആംബുലന്‍സുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: