ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ അന്വേഷണത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതാദ്യമായി രംഗത്തെത്തി. ഒറീസയിലെ തലബിര കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്ന സിബിഐയുടെ കണ്ടെത്തലിനെതിരെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.
കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ യാതൊരു വിധത്തിലുള്ള കുറ്റവുമില്ലെന്നും യോഗ്യത മാനദണ്ഡമാക്കിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്നും പിഎംഒ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ സുപ്രധാനമായ അധികാരകേന്ദ്രം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആയിരുന്നെന്ന് പിഎംഒ അംഗീകരിച്ചിരിക്കുകയാണ്. സുപ്രധാന അധികാരകേന്ദ്രത്തിനു വന്ന വീഴ്ചയാണ് കോടികളുടെ അഴിമതി നടക്കാന്‍ കാരണമായതെന്ന് മുന്‍ കല്‍ക്കരി സെക്രട്ടറിയേയും ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനേയും പ്രതിചേര്‍ത്ത് സമര്‍പ്പിച്ച എഫ്ഐആറില്‍ സിബിഐ പരാമര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ച നടപടികളെല്ലാം സുതാര്യവും നിയമവിധേയവുമായിരുന്നെന്നാണ് പിഎംഒ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 2005 ആദ്യം ഫയല്‍ അംഗീകരിക്കാതിരിക്കുകയും മതിയായ യോഗ്യത ആയ ശേഷം 2005 ഒക്ടോബര്‍ 1ന് ഫയലില്‍ പ്രധാനമന്ത്രി പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തിയ ശേഷം ഒപ്പിടുകയുമായിരുന്നെന്നാണ് പിഎംഒ ഓഫീസ് പറയുന്നത്. പരിശോധനാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ പിഎംഒ സ്വീകരിച്ചത്. ഇതു കല്ക്കരിമന്ത്രാലയത്തില്നിന്നും മറ്റുചില പ്രതിനിധികളില്‍ നിന്നും നടത്തിയ കൂടിക്കാഴ്ചയേ തുടര്‍ന്നാണെന്നും പിഎംഒ ഓഫീസ് പറയുന്നു. സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഫലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമ്മതിച്ചിരിക്കുകയാണ്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: