പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ അസാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ആഡംബര ഹോട്ടലില്‍ വെച്ച് ശബരിമല ഉന്നതല യോഗം ചേര്‍ന്നത് സര്‍ക്കാര്‍ ശബരിമലയോടും അയ്യപ്പന്മാരോടും കാണിച്ച നിന്ദയും അവഹേളനവും ആണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ഈ യോഗത്തില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പു മന്ത്രിമാര്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രചാരണം. എന്നാല്‍ അയല്‍സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ഇവിടെ എത്തിയിരുന്നില്ല. ഏതാനും ഉദ്യോഗസ്ഥന്മാരെ മാത്രം പങ്കെടുപ്പിച്ച് ശബരിമലയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്യാഡംബര ഹോട്ടലും വിപുലമായ താമസ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയത് എന്തിനു വേണ്ടി ആയിരുന്നു എന്നു മുഖ്യമന്ത്രി വൃക്തമാക്കണം.
ഭക്തജന പ്രതിനിധികളോ ദേവസ്വം ബോര്‍ഡോ, പങ്കെടുക്കാത്ത യോഗത്തില്‍ ശബരിമലയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ഭാവിയില്‍ ശബരിമലയെ ഒരു സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമമാണിതെന്ന് ഭക്തജനങ്ങള്‍ ന്യായമായും സംശയിക്കുന്നു. ദേവസ്വം ബോര്‍ഡ് കാലാന്തരത്തില്‍ ദുര്‍ബലപ്പെടാനും ശിഥിലമാകാനും മാത്രമെ ഈ നടപടി ഇടയാക്കൂ.അയല്‍ സംസ്ഥാനത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്കു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. അനേകര്‍ക്കു പ്രയോജനം ചെയ്യുന്ന ശബരിമല റയില്‍പ്പാത പദ്ധതി ഇപ്പോഴും സ്തംഭനത്തിലാണ്. ആവശ്യത്തിന് വേണ്ട സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളില്‍ നാലിലൊന്നുപോലും തീര്‍ത്ഥാടന കാലയളവില്‍ സര്‍വ്വീസ് നടത്താറില്ല.
പുല്‍മേട് ദുരന്തത്തില്‍ മരിച്ച 102 പേരില്‍ 4 പേര് മാത്രമേ മലയാളികളുള്ളൂ. മറ്റ് സംസ്ഥാനക്കാരായ ബാക്കി തീര്‍ത്ഥാടകരുടെ ആശ്രിതര്‍ക്ക് ഇപ്പോഴും ഇന്‍ഷ്യുറന്‍സ് തുക കിട്ടിയിട്ടില്ല. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. മറ്റ് സംസ്ഥാനക്കാരോടുള്ള കേരളസര്‍ക്കാരിന്റെ ഇത്തരം നിഷേധാത്മക സമീപനം മൂലമാണു മറ്റ് സംസ്ഥാന മന്ത്രിമാര്‍ ചര്‍ച്ചക്ക് എത്താതിരുന്നത്.കേരളത്തില്‍ എത്തുന്ന അയ്യപ്പന്മാര് അനുഭവിക്കുന്ന ദുരിതങ്ങള്‍ നാടിനപമാനകരമാണ്ഈ വക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുവാന്‍ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗുരുസ്വാമിമാരും ഭക്തജനപ്രതിനിധികളും ദേവസ്വംബോര്‍ഡും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്ത് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: