ന്യൂദല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ 14 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യത്തിന്റെ ആക്രമണം. ജമ്മു സെക്ടറിലെ പോസ്റ്റുകള്‍ക്കു നേരെയാണ് ഒരു രാത്രി നീണ്ട മോര്‍ട്ടാര്‍ ബോംബാക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു.
ജമ്മു, സാംബ, കത്വ ജില്ലകളിലെ ആര്.എസ് പുര,പര്‍ഗ്വാല്‍,സാംബ,ഹീരനഗര്‍,ജാഗ് നോഖാ അതിര്‍ത്തി പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെയാണ് പാക് സൈന്യത്തിന്റെ ആക്രമണം നടന്നിരിക്കുന്നത്. 82എംഎം മോര്‍ട്ടാര്‍ ഉപയോഗിച്ചുള്ള ആക്രമണം ആര്‍എസ്പുരയിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ നടന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
നികോവല്‍ അതിര്‍ത്തിമേഖലയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാര്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഗംഗന് താക്കൂര്‍,ഹസ്ദ എന്നീ സൈനികര്‍ക്കാണ് പരിക്ക്. ആക്രമണം നടന്ന പോസ്റ്റുകളിലെല്ലാം ശക്തമായ തിരിച്ചടി പാക് സൈന്യത്തിനു നല്‍കിയിട്ടുണ്ട്. ഇതോടെയാണ് പാക് സൈന്യം വെടിവെയ്പ്പ് നിര്‍ത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനകം അഞ്ചു സാധാരണക്കാരടക്കം 9 പേര്‍ക്കാണ് പാക് സൈനികാക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഒക്ടോബര്‍ 22ന് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ സങ്കീര്‍ണ്ണമായി തുടരുകയാണ്. ഒക്ടോബര്‍ 17ന് നജ്വല് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് റേഞ്ചേഴ്സ് നടത്തിയ വെടിവെയ്പ്പില്‍ മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇത്രയധികം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന് നടത്തുന്നത് ഈ വര്‍ഷമാണ്. ഇതുവരെയായി 130 വെടിനിര്‍ത്തല്‍ ലംഘനമാണ് നടത്തിയത്.
അതിര്‍ത്തിയില്‍ പാക് സൈന്യം ദിവസങ്ങളായി തുടരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ആശങ്കാജനകമാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പ്രസ്താവിച്ചു. നയതന്ത്രപരമായ നിലപാടുകളല്ല സൈനികമായ നിലപാടുകളാണ് ആവശ്യമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതിന്റെ ചുമതല സര്‍ക്കാരിനുണ്ട്. പ്രശ്നത്തില്‍ ഇടപെടുന്നതിന് ഏറ്റവും പ്രാധാന്യമാണ് നല്‍കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ മാത്രമല്ല സൈനികനിലപാടുകളെയും അട്ടിമറിക്കുന്നതാണ് ഇത്തരം ആക്രമണങ്ങള്‍. അതിര്‍ത്തി മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം സ്വീകരിച്ചിരിക്കുന്ന മുന്കരുതലുകളില് ആത്മവിശ്വാസമുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ടു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് തമ്മില്‍ ഉടന്‍ ചര്‍ച്ച നടക്കുമെന്നും സല്മാന് ഖുര്‍ഷിദ് അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: