രാജസ്ഥാനിലും ദല്‍ഹിയിലും നിയമസഭ തെരഞ്ഞടുപ്പുകളെ ചൂടു പിടിപ്പിക്കുന്നത് സ്ത്രീ പീഡനക്കേസുകളാണ്.രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസാവട്ടെ ഈ വിഷയത്തില്‍ ഏറെക്കുറെ നിശബ്ദമായ അവസ്ഥയിലാണ്.
ദല്‍ഹി നിയമസഭ തെരഞ്ഞടുപ്പില്‍ ഇക്കുറി ഏറ്റവും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നത് തലസ്ഥാന നഗരിയിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചാണ്. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരുന്നിട്ടും രാജ്യ തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിന് മറുപടി പറയാന്‍ കോണ്‍ഗ്രസിനാവട്ടെ വാക്കുകള്‍ കിട്ടുന്നുമില്ല. നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യുവതി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ രാജ്യത്തിന്റെ യശസ്സിന് കളങ്കം ഉണ്ടാക്കിയതായിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ പതിവു പ്രസ്താവനകളുമായി രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ രംഗത്തെത്തിയെങ്കിലും ദല്‍ഹിയില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിക്കൂട്ടിലായി. പട്ടാപ്പകല്‍ പോലും നഗരത്തില്‍ വിദേശ വനിതകളടക്കമുള്ളവര്‍ ആക്രമണത്തിനിരയായ സംഭവങ്ങള്‍ തുടര്‍ക്കഥകളായി. ദല്‍ഹിയുടെ യശസ്സ് ഇത്രമാത്രം കളങ്കപ്പെട്ട കാലഘട്ടം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
സമീപ സംസ്ഥാനങ്ങളായ യു.പി, ബീഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ തൊഴിലാളികളും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ മധ്യ- ഉപരി വര്‍ഗ സമൂഹവുമാണ് ദല്‍ഹി ജനസംഖ്യയില്‍ ഏറിയ കൂറും . ഈ സമൂഹങ്ങള്‍ തമ്മിലുള്ള വിടവ് ഒന്നുകൂടി വര്‍ദ്ധിപ്പിക്കാനും പരസ്പര സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും നിര്‍ഭയ സംഭവം കാരണമായിട്ടുണ്ട്. പഴയ പോലെ ഇപ്പോള്‍ ദല്‍ഹി ബാബുമാര്‍ യു.പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ പരിഗണിക്കുന്നില്ല. ഇത് ദല്‍ഹിയുടെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥക്കുമേല്‍ ആഴത്തിലുള്ള പോറലേല്‍പ്പിക്കുകയും ചെയ്യും. നിര്‍ഭയ പ്രശ്നവും തുടര്‍ന്നുള്ള സംഭവങ്ങളും ഷീലാ ദീക്ഷിത് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ പൊതുവെ എല്ലാ വിഭാഗത്തിനും അതൃപ്തിയുണ്ട്. തുടര്‍ന്നും സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്നതും ഈ അതൃപ്തിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
ഇതിനിടയിലാണ് തെരഞ്ഞടുപ്പ് ച്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചവേളയില്ത്തന്നെ പഴയ തന്തൂരി കൊലക്കേസില്‍ വിധി വന്നിരിക്കുന്നത്. ഭാര്യ നൈന സാഹ്നിയെന്ന യുവതിയെ കൊലപ്പെടുത്തി തന്തൂരി അടുപ്പില്‍ കത്തിച്ച സംഭവത്തില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് സുശീല്‍ ശര്‍മ്മയാണ്.
നിര്‍ഭയ കേസ് പോലെ തന്നെ ദല്‍ഹിയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് നൈന സാഹ്നി വധക്കേസും. നൈന സാഹ്നിയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ ശര്‍മ്മയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഈ കോടതി വിധി കൂടി പുറത്തു വന്നതോടെ ദല്‍ഹിയില്‍ കോണ്‍ഗ്രസിനു ശനിദശ തന്നെയാണെന്ന് ഉറപ്പായി. സുശീല്‍ ശര്‍മ്മയെ രക്ഷിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഇടപെടലുകളും പ്രശ്നം വഷളാക്കി. ഇപ്പോള്‍ തെരഞ്ഞടുപ്പ് വേദികളില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയാറില്ല.
ഇതിലും കഷ്ടമാണ് രാജസ്ഥാനിലെ സ്ഥിതി. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണ് സംസ്ഥാന മന്ത്രി സഭയിലെ മുതിര്‍ന്ന മന്ത്രിയായിരുന്ന ബാബുലാല്‍ നാഗര്‍ ലൈഗിക ആരോപണത്തെ തുടര്‍ന്ന് രാജി വച്ചത്. വീട്ടുവേലക്കാരിയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ബാബുലാല്‍ നാഗറിനെതിരായ പരാതി. പരാതിക്കാരിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസൊതുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അവര്‍ പരാതിയില്‍ ഉറച്ചുനിന്നതോടെ പോലീസിന് നാഗറിനെതിരെ കേസെടുക്കാതെ രക്ഷയില്ലെന്ന അവസ്ഥ വന്നു.
രാജസ്ഥാനിലും തെരഞ്ഞടുപ്പ് പ്രചരണ വേദികളില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങളില്‍ ഒന്ന് ഇതാണ്. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു ബാബുലാല്‍ നാഗര്‍. കേസ് ഇപ്പോള്‍ സി.ബി.ഐയുടെ പരിഗണനക്കു വിട്ടിരിക്കുകയാണ്. പരാതിക്കാരിയില്‍ നിന്ന് സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ബാബുലാല്‍ നാഗറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
അതിനിടെ ബാബുലാല്‍ നാഗറിന്റെ വിശ്വസ്തനും അടുത്ത അനുയായിയുമായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ച് വെട്ടിലായത് പുതിയ നാണക്കേടായി. പരാതി പിന്‍വലിച്ചാല്‍ ഏഴുകോടി രൂപ നല്‍കാമെന്ന് നാഗറിനുവേണ്ടി ഇയാള്‍ പരാതിക്കാരിയുടെ വീട്ടിലെത്തി വാഗ്ദാനം ചെയ്യുകയായിരുന്നു. പരാതിക്കാരിയായ സ്ത്രീയുടെ മകന് ഇത് ക്യാമറയില്‍ പകര്‍ത്തി. ഐബിഎന്‍ ചാനല്‍ ഇത് ലോകം മുഴുവന്‍ എത്തിച്ചു.
ഇതോടെ താന്‍ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമുള്ള നാഗറിന്റെ വാദവും പൊളിഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതായതോടെ നാഗറിനെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കയാണ്. എങ്കിലും നാഗര്‍ സംഭവത്തിന്റെ നാണക്കേടില്‍ നിന്ന് കോണ്‍ഗ്രസിന് കരകയറുക എളുപ്പമല്ല.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: