കോട്ടയം: വിതുര കേസിന് ഐസ്ക്രീം കേസിന്റെ ഗതിയുണ്ടാകരുതെന്ന് കോടതി. കേസില്‍ എല്ലാ സാക്ഷികളെയും വിസ്തരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിതുര കേസ് വിചാരണ നടക്കുന്ന കോട്ടയം പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ പോര. കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കണം. പ്രോസിക്യൂഷന് വിസ്തരിച്ചില്ലെങ്കില്‍ സാക്ഷികളെ സ്വമേധയാ വിസ്തരിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. കേസില്‍ പെണ്‍കുട്ടി കൂറുമാറിയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി പരാമര്‍ശം.
ബാക്കി സാക്ഷികളെ എന്നു വിസ്തരിക്കാമെന്ന കാര്യം വ്യാഴാഴ്ച അറിയിക്കണമെന്നും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. കേസില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന പെണ്‍കുട്ടിയുടെ നിലപാടിനെ തുടര്‍ന്ന് ഏതാനും കേസുകളില്‍ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. പരിഗണിച്ച ഏഴ് കേസുകളിലാണ് പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1995ലാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത്. ആറുമാസത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന് കെ.സി പീറ്റര്‍, ആലുവ മുന്‍സിപ്പല്‍ ചെയര്മാന് ജേക്കബ് മുത്തേടന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: