മരട്: പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്ത് റോഡ് ഇടിയുന്നത് വാഹനങ്ങള്‍ക്ക് അപകടക്കെണിയാവുന്നു. കുമ്പളം ടോള്‍പ്ലാസയ്ക്ക് സമീപത്താണ് ബൈപ്പാസിന്റെ വശങ്ങള് ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നത്. റോഡിനടിയിലെ തകര്‍ന്ന കോണ്‍ക്രീറ്റ് പൈപ്പിന് പകരം പുതിയ ലോഹപൈപ്പ് സ്ഥാപിക്കാനാണ് 100 മീറ്ററോളം നീളത്തില്‍ കുമ്പളം ടോള്‍പ്ലാസയ്ക്ക് സമീപം കിടങ്ങ് കുഴിച്ചിരുന്നത്. ജോലികള്‍ പൂര്‍ത്തിയാക്കി ഇത് മൂടാത്തതാണ് റോഡ് തകരാന്‍ കാരണം.
ഭാരംകയറ്റിയ വലിയ വാഹനങ്ങള്‍ റോഡിലൂടെ നീങ്ങുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം മൂലമാണ് റോഡ് തകരുന്നതെന്നാണ് എന്‍എച്ച്എഐയും വാട്ടര്‍അതോറിറ്റിയും പറയുന്നത്. എത്രയും പെട്ടെന്ന് പണിപൂര്‍ത്തിയാക്കുമെന്ന ഉറപ്പിലാണ് കരാറുകാര്‍ പണി ആരംഭിച്ചത്. എന്നാല്‍ പൈപ്പിന്റെ ലീക്കും മറ്റും പരിശോധിച്ച് കുറ്റമറ്റ രീതിയില്‍ പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം വേണ്ടിവരുമെന്നാണ് ജലഅതോറിറ്റി ഇപ്പോള്‍ പറയുന്നത്. ഇതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് ദേശീയപാതാ അധികൃതര്‍ അവകാശപ്പെടുന്നു.
റോഡ് ഇടിയുന്നത് രാത്രികാലങ്ങളിലും മറ്റും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അമിതഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ സമീപത്തുകൂടി പ്രവേശിക്കുന്നതും അപകടകരമാണ്. ഈ സാഹചര്യത്തിലാണ് ടോള്‍പ്ലാസയ്ക്ക് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന് എന്‍എച്ച്എഐ അധികൃതര്‍ പറയുന്നു. മൂന്ന് മിനിറ്റില്‍ കൂടുതല്‍ ഒരു വാഹനം ടോളില്‍ കുരുങ്ങിയാല്‍ ഫീസ് വാങ്ങാതെ കടത്തിവിടണമെന്നാണ് വ്യവസ്ഥ. ഇതും അധികൃതര്‍ക്ക് തലവേദനയാകും.
കുരുക്ക് ഒഴിവാക്കുവാനും അതേസമയം വാഹനനീക്കം തടസപ്പെടാതിരിക്കാനും ബദല്‍ സംവിധാനത്തെക്കുറിച്ചാണ് ആലോചന. ഇതിനായി കുണ്ടന്നൂര്‍ ജംഗ്ഷനിലോ മാടവന സിഗ്നലിലോ വാഹനങ്ങള്‍ കുടുതല്‍ സമയം പിടിച്ചിടുന്നതിനെക്കുറിച്ചാണ് ആലോചിച്ച് വരുന്നത്. ട്രാഫിക് പോലീസുമായും മറ്റും ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണ്. എന്നാല്‍ വാഹനയാത്രികരുടെ എതിര്‍പ്പ് വിളിച്ചുവരുത്തുന്നതായിരിക്കും ഈ നീക്കമെന്നതിനാല്‍ മറ്റും പോംവഴി തിരയുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: